Connect with us

Ongoing News

ജീവശ്വാസം തേടി രണ്ട് ടീമുകൾ

Published

|

Last Updated

ലണ്ടൻ: അത്യാസന്ന നിലയിലാണ് പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും. ഇരു ടീമുകളും ലോർഡ്‌സിൽ ഇന്നെത്തുന്നത് ജീവൻ നിലനിർത്താനുള്ള വെന്റിലേറ്ററിന് വേണ്ടിയാണ്. ആറ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച ദക്ഷിണാഫ്രിക്കക്കും അഞ്ച് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച പാക്കിസ്ഥാനും ഇപ്പോൾ മൂന്ന് പോയിന്റ് മാത്രമാണുള്ളത്. ടീം പട്ടികയിൽ യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിൽ. സെമി ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇരുവർക്കും ഇന്നത്തെ മത്സരം ജയിച്ചേ തീരൂ.

ഇംഗ്ലണ്ടിനെതിരെ ട്രെന്റ്ബ്രിഡ്ജിൽ നേടിയതാണ് പാക്കിസ്ഥാന്റെ ആശ്വാസ വിജയം. വെസ്റ്റിൻഡീസിനോടേറ്റ നാണം കെട്ട തോൽവിയിൽ നിന്ന് അവർ തലയുയർത്തിയത് ആ വിജയത്തിലൂടെയായിരുന്നു. ശ്രീലങ്കയുമായുള്ള മത്സരം ഉപേക്ഷിച്ചപ്പോൾ കിട്ടിയ ഒരു പോയിന്റ് മിച്ചം. ആസ്‌ത്രേലിയക്ക് മുന്നിലും സാമാന്യം നന്നായി തന്നെ പാക്കിസ്ഥാൻ തോറ്റു. ഇന്ത്യയോട് ജയിച്ചേ തീരൂ എന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ കാത്തിരുന്നത് അതിലും നല്ല തോൽവി. ഇതാണ് പാക്കിസ്ഥാന്റെ പൂർവ ചരിതം.

ഇന്ന് ദക്ഷിണാഫ്രിക്ക കഴിഞ്ഞാൽ ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരുമായാണ് മറ്റ് കളികൾ. ഈ കളികളെല്ലാം ജയിച്ചാൽ മാത്രമേ അവർക്ക് ലീഗ് ഘട്ടം കടക്കാൻ കഴിയൂ. ന്യൂൂസിലാൻഡിനെയും ഒരു പരിധി വരെ ബംഗ്ലാദേശിനെയും മറികടക്കാൻ പാക്കിസ്ഥാന് നന്നായി വിയർക്കേണ്ടി വരും. അതുകൊണ്ടുതന്നെ അത്യത്ഭുതങ്ങൾ വേണ്ടിവരും പാക്കിസ്ഥാനെ സെമിഫൈനൽ മത്സരങ്ങളിൽ കാണണമെങ്കിൽ. അതിലൊരു അത്ഭുതം അജയ്യരായി മുന്നോട്ടുനീങ്ങുന്ന ന്യൂസിലാൻഡ് ഇനിയുള്ള അവരുടെ മത്സരങ്ങളിലെല്ലാം തോൽക്കണം എന്നതാണ്. ആസ്‌ത്രേലിയയും ഇംഗ്ലണ്ടുമാണ് അവരുടെ അടുത്ത പ്രതിയോഗികൾ.

ദക്ഷിണാഫ്രിക്കയുടെ നില ഇതിലും പരിതാപകരമാണ്. തോറ്റ നാല് മത്സരങ്ങളിൽ മൂന്നെണ്ണവും കരുത്തരോടാണ് (ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഇന്ത്യ) എന്നത് ആശ്വEസം നൽകുന്നുണ്ടാകാം അവർക്ക്. തോറ്റ നാലാമത്തെ മത്സരം ബംഗ്ലാദേശിനോടാണ്. ജയിക്കാനായത് ദുർബലരായ അഫ്ഗാനിസ്ഥാനോട് മാത്രം. ന്യൂസിലാൻഡുമായുള്ള മത്സരം നല്ല കളി പുറത്തെടുത്തിട്ടും കൈമോശം വരികയായിരുന്നു. വെല്ലുവിളയുയർത്താൻ പോന്ന സ്‌കോർ കെട്ടിപ്പടുക്കാൻ കഴിഞ്ഞില്ലെങ്കിലും ന്യൂസിലാൻഡിന്റെ വിജയം മൂന്ന് പന്തുകൾ മാത്രം ശേഷിക്കുന്നത് വരെ പിടിച്ചുനിർത്താൻ ദക്ഷിണാഫ്രിക്കക്ക് സാധിച്ചിരുന്നു. പാക്കിസ്ഥാനെ നേരിട്ട് കഴിഞ്ഞാൽ പിന്നെ ദക്ഷിണാഫ്രിക്കയുടെ മുന്നിലുള്ള വെല്ലുവിളികൾ ശ്രീലങ്കയും ആസ്‌ത്രേലിയയുമാണ്. മത്സരം കടുപ്പമുള്ളതായിരിക്കുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി മൂന്ന് മത്സരങ്ങളും ജയിച്ചാൽത്തന്നെ, മറ്റ് ടീമുകളുടെ വിജയപരാജയങ്ങൾ കൂടി വിലയിരുത്തപ്പെട്ടാകും ദക്ഷിണാഫ്രിക്കൻ സെമി സാധ്യത നിർണയിക്കപ്പെടുക.

ഇരു ടീമുകളും 78 തവണയാണ് ഏകദിനത്തിൽ മുഖാമുഖം വന്നിട്ടുള്ളത്. പാക്കിസ്ഥാന് ജയിക്കാൻ കഴിഞ്ഞത് 27 മത്സരങ്ങളിൽ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചപ്പോൾ ശേഷിക്കുന്ന മത്സരങ്ങളെല്ലാം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കക്ക് തന്നെയാണ് ഇന്നത്തെ പോരാട്ടത്തിൽ നേരിയ മുൻതൂക്കം. ലോകകപ്പിലെ കണക്കെടുക്കുമ്പോഴും കാര്യങ്ങൾ ദക്ഷിണാഫ്രിക്കക്ക് അനുകൂലമാണ്. 1992 മുതൽ തുടർച്ചയായ മൂന്ന് ലോകകപ്പുകളിൽ ഇരു ടീമുകളും ഓരോ കളികൾ വീതം പരസ്പരം കളിച്ചിട്ടുണ്ട്. മൂന്നിൽ ജയം ദക്ഷിണാഫ്രിക്കക്കായിരുന്നു.

1992ൽ 20 റൺസിന് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടെങ്കിലും ലോകകപ്പുമായാണ് പാക്കിസ്ഥാൻ മടങ്ങിയത്. 96ലാകട്ടെ അമീർ സുഹൈലിന്റെ സെഞ്ച്വറി (111) യുടെ ബലത്തിൽ 246 റൺസിന്റെ വെല്ലുവിളി തീർത്ത പാക്കിസ്ഥാനെ പ്രോട്ടീസുകൾ അഞ്ച് വിക്കറ്റിന് തകർത്തു. 99ൽ ജാക്വിസ് കാലിസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പിടിച്ചുകെട്ടാൻ മോയിൻ ഖാൻ നയിച്ച പാക് പടക്ക് സാധിച്ചിരുന്നില്ല. ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന്റെ ഏക ജയം കഴിഞ്ഞ ലോകകപ്പിലാണ് പിറന്നത്. ഡെയ്ൽ സ്റ്റെയിൻ നയിച്ച ദക്ഷിണാഫ്രിക്കൻ പേസ് പടയോട് പൊരുതി പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത് ഇന്നത്തെ അവരുടെ ക്യാപ്റ്റൻ സർഫറാസ് അഹ്്മദ് ആയിരുന്നു എന്നതാണ് ശ്രദ്ധേയം.

Latest