ശബരിമല: സുപ്രീംകോടതിയെ മറികടന്ന് നടപടിക്കില്ലെന്ന് ബി ജെ പി

Posted on: June 21, 2019 4:51 pm | Last updated: June 21, 2019 at 8:05 pm

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ല് നിയമമാക്കി മാറ്റാന്‍ ബി ജെ പിയുണ്ടാകില്ല. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലില്‍ തത്കാലം നിലപാട് എടുക്കാനാകില്ലെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. നിലവില്‍ ശബരിമല വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഒരു നടപടി കേന്ദ്രസര്‍ക്കാറിന് സ്വീകരിക്കാനാകില്ല. പക്ഷേ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. കേരളത്തിലേത് മാത്രമല്ല, ഇന്ത്യയിലെങ്ങും അയ്യപ്പ വിശ്വാസികളുണ്ട്. ഞാന്‍ വരുന്നത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. അവിടെയും നിറയെ അയ്യപ്പ ഭക്തന്‍മാരുണ്ട്. അതിനാല്‍ ഇത് കണക്കിലെടുത്ത് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും രാം മാധവ് പറഞ്ഞു.

ഓര്‍ഡിനന്‍സ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മറുടി നല്‍കി. ആചാരസംരക്ഷണം തന്നെയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.