എമിറേറ്റ്‌സ് വിമാനക്കമ്പനിയും ഡിസ്‌പോസിബ്ള്‍ പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കുന്നു

Posted on: June 18, 2019 9:06 pm | Last updated: June 18, 2019 at 9:06 pm

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ ദുബൈ സര്‍ക്കാരിന്റെ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈനറും തങ്ങളുടെ വിമാനങ്ങളില്‍ ഒറ്റത്തവണ ഉപയോഗിച്ച് പുറം തള്ളുന്ന പ്ലാസ്റ്റിക്കുകള്‍ പിന്‍വലിക്കുന്നു. തങ്ങളുടെ സര്‍വീസുകള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതികളുടെ ഭാഗമായി കൂടിയാണ് വിമാനങ്ങളില്‍ പ്ലാസ്റ്റിക് വസ്തുകള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതര്‍.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് പകരം വൈക്കോല്‍ നിര്‍മിത വസ്തുക്കള്‍ കൊണ്ട് വിമാനത്തിനുള്ളിലെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തിലെ ഭക്ഷണ വിതരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കള്‍, മറ്റ് പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ വിമാനത്തില്‍ നിന്ന് നീക്കം ചെയ്യും. ആഗസ്റ്റ് മുതല്‍ വിമാനത്തില്‍ വില്‍ക്കുന്ന റീറ്റെയ്ല്‍ വസ്തുക്കള്‍ക്കൊപ്പം നല്‍കുന്ന പ്ലാസ്റ്റിക് ബാഗുകളും ഒഴിവാക്കി പകരം പേപ്പര്‍ ബാഗുകള്‍ പ്രാബല്യത്തിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തില്‍ വര്‍ഷം 8.17 കോടി ഡിസ്പോള്‍സിബിള്‍ പ്ലാസ്റ്റിക് വസ്തുക്കളാണ് ഒഴിവാക്കാന്‍ കഴിയുകയെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് സ്റ്റാഫ്, ക്യാബിന്‍ ക്രൂ, പരിശീലന വിഭാഗം തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

2017ല്‍ പുനരുപയുക്ത പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് പരിസ്ഥിതി സൗഹൃദ ബ്ലാങ്കറ്റുകള്‍ ഇക്കണോമി ക്ലാസുകളില്‍ നടപ്പില്‍ വരുത്തിയിരുന്നു. പുനരുപയുക്തമായ 28 പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ഒരു ബ്ലാങ്കെറ്റുണ്ടാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സംരംഭത്തിലൂടെ പ്രതിവര്‍ഷം 8.8 കോടി പ്ലാസ്റ്റിക് ബോട്ടിലുകളാണ് പുനരുപയുക്തമാക്കാന്‍ കഴിഞ്ഞെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.