Connect with us

Ongoing News

ഗംഭീരം ബംഗ്ലാദേശ്‌; വിന്‍ഡീസിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്‌

Published

|

Last Updated

ഷാകിബ് അല്‍ ഹസനും ലിറ്റണ്‍ ദാസും

ലണ്ടന്‍: വെസ്റ്റിന്‍ഡീസ് താരതമ്യേന വലിയ ടോട്ടല്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ നിസാരവത്കരിച്ചു കൊണ്ട് ബംഗ്ലാദേശിന്റെ മറുപടി ബാറ്റിംഗ്. ലോകകപ്പിലെ കറുത്ത കുതിരകള്‍ മറ്റാരുമല്ലെന്ന് അടിവരയിടുന്ന പ്രകടനത്തോടെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ അതിഗംഭീര ജയം. വിന്‍ഡീസ് 322 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ 51 പന്തുകള്‍ ശേഷിക്കെ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കടന്നു. ആള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ ഗംഭീര സെഞ്ച്വറിയും ലിറ്റണ്‍ ദാസിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് ബംഗ്ലാദേശിന് അനായാസ ജയം സമ്മാനിച്ചത്. 99 പന്തുകളില്‍ പുറത്താകാതെ ഷാകിബ് 124 റണ്‍സെടുത്തു. പതിനാറ് ഫോറുകള്‍ ഉള്‍പ്പെടുന്ന ഇന്നിംഗ്‌സ്. ലിറ്റണ്‍ ദാസ് 69 പന്തുകളില്‍ 94 റണ്‍സടിച്ചു. എട്ട് ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നു ഈ നോട്ടൗട്ട് ഇന്നിംഗ്‌സില്‍. മൂന്ന് സിക്‌സറുകള്‍ തുടരെ നേടി ദാസ് വിന്‍ഡീസ് ബൗളിംഗ് നിരയുചടെ മനോവീര്യം കെടുത്തി.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് വിന്‍ഡീസ് അടിച്ച് കൂട്ടിയത്.

ക്രിസ് ഗെയിലും ആന്ദ്രെ റസ്സലും നിറം മങ്ങിയ മത്സരത്തിലാണ് ഇത്രയും വലിയ സ്‌കോര്‍ വിന്‍ഡീസ് അടിച്ചെടുത്തത്. ക്രിസ് ഗെയിലിനെ റണ്ണെടുക്കും മുമ്പേ വിന്‍ഡീസിന് നഷ്ടമായി. സെയ്ഫുദീനാണ് മടക്കിയത്. പിന്നീടെത്തിയ എവിന്‍ ലൂയിസും ഷെയ് ഹോപുമാണ് മത്സരത്തില്‍ വമ്പന്‍ സ്‌കോറിലേക്ക് വിന്‍ഡീസിനെ നയിച്ചത്. പതിയെയാണ് ഇരുവരും തുടങ്ങിയത്. പിന്നീട് കത്തിക്കയറുകയായിരുന്നു. ലൂയിസ് 67 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 70 റണ്‍സെടുത്തു.

ഹോപ് 121 പന്തില്‍ 96 റണ്‍സെടുത്തു. നിക്കോളാസ് പൂരന്‍ 25 റണ്‍സെടുത്ത് മടങ്ങിയെങ്കിലും 26 പന്തില്‍ 50 റണ്‍സടിച്ച ഹെറ്റ്മയര്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി. റസ്സല്‍ പൂജ്യത്തിന് പുറത്തായി. ജേസന്‍ ഹോള്‍ഡര്‍ 15 പന്തില്‍ 33 റണ്‍സടിച്ചു. ബംഗ്ലാദേശ് നിരയില്‍ സെയ്ഫുദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
തമീം ഇഖ്ബാല്‍ 53 പന്തില്‍ 48 റണ്‍സെടുത്തു. സൗമ്യ സര്‍ക്കാര്‍ 23 പന്തില്‍ 29 റണ്‍സുമെടുത്തു.

ഇതിന് ശേഷമാണ് ഷാക്കിബ് തകര്‍ത്തടിച്ചത്. 99 പന്തില്‍ 124 റണ്‍സുമായി ഷാക്കിബ് പുറത്താകാതെ നിന്നു. ഷാക്കിബ് തന്നെയാണ് മത്സരത്തിലെ താരം.
16 ബൗണ്ടറി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ലിറ്റണ്‍ ദാസ് 69 പന്തില്‍ 94 റണ്‍സടിച്ചു. ഇവരുടെ കൂട്ടുകെട്ടാണ് മത്സരത്തില്‍ ബംഗ്ലാദേശിന് വിജയമുറപ്പിച്ചത്.

Latest