Connect with us

National

കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയില്‍; അതൃപ്തി പ്രകടിപ്പിച്ച് സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞക്ക് ഹിന്ദി ഭാഷ തിരഞ്ഞെടുത്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് എം പിമാര്‍ തങ്ങളുടെ പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ വ്യക്തമാക്കി.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെയായിരുന്നു കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കര്‍ എം പി വീരേന്ദ്ര കുമാര്‍ മുമ്പാകെയെത്തിയ അദ്ദേഹത്തിന് ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞയാണ് സെക്രട്ടറി ജനറല്‍ ആദ്യം നല്‍കിയത്. എന്നാല്‍, ഹിന്ദി മതിയെന്ന് കൊടിക്കുന്നില്‍ പറയുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരന്റെ ഹിന്ദി സത്യപ്രതിജ്ഞ ബി ജെ പി എം പിമാരെ ആഹ്‌ളാദഭരിതരാക്കുകയും അവര്‍ ഡെസ്‌കിലടിച്ച് അതു പ്രകടിപ്പിക്കുകയും ചെയ്തു.

ചടങ്ങിനു ശേഷം തിരികെ സീറ്റിലെത്തിയ കൊടിക്കുന്നിലിനെ രോഷാകുലയായ സോണിയ സമീപത്തേക്കു വിളിക്കുകയും സത്യപ്രതിജ്ഞ ഒന്നുകില്‍ നിങ്ങളുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ചെയ്യുകയല്ലേ നന്നായിരുന്നതെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ബിജു ജനതാദളിലെ ഭര്‍തൃഹരി മെഹ്താബ് ഒഡിയ ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തത് സോണിയ കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാനുണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള എം പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവരോട് മലയാളത്തില്‍ പ്രതിജ്ഞയെടുത്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest