കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല; സര്‍ക്കാര്‍ ആവശ്യം തള്ളി; നിലപാടിലുറച്ച് ലളിതകലാ അക്കാഡമി

Posted on: June 17, 2019 5:17 pm | Last updated: June 17, 2019 at 6:40 pm

തിരുവനന്തപുരം: വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ നടപടിയില്‍ ഉറച്ച് ലളിതകലാ അക്കാഡമി. ക്രിസ്ത്യന്‍ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം അക്കാഡമി തള്ളി. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജൂറി തീരുമാനം അന്തിമമാണെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.

ക്രിസ്ത്യന്‍ മതചിഹ്നമായ അംശവടിയില്‍ അടിവസ്ത്രം തൂക്കിയുള്ള കാര്‍ട്ടൂണാണ് വിവാദമായത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയെ കോഴിയായും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിുരുന്നു. ഈ കാര്‍ട്ടൂണ്‍ ലളിതകലാ അക്കാഡമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതോടെയാണ് വിവാദം തലപൊക്കിയത്. മതചിഹ്നങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നലകിയതിന് എതിരെ മന്ത്രി എ കെ ബാലന്‍ രംഗത്തുവന്നു. പുരസ്‌കാരം പുനപരിശോധിക്കണമെന്ന് അദ്ദേഹം അക്കാഡമിയോട് ആവശ്യപ്പെടുകയായിരുന്നു.

കാര്‍ട്ടൂണിന് എതിരെ കെസിബിസിയും രംഗത്ത് വന്നിരുന്നു. കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണന്നെ് കെസിബിസി ആരോപിച്ചു.