തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദി അജാസാണെന്ന് പോലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞു: കൊല്ലപ്പെട്ട സൗമ്യയുടെ മകന്‍

Posted on: June 16, 2019 10:28 am | Last updated: June 16, 2019 at 12:28 pm

മാവേലിക്കര: പോലീസുകാരനായ അജാസ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയുടെ മകന്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു എന്നും സൗമ്യയുടെ മകന്‍ പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് അമ്മ ഏറെ ഭയപ്പെട്ടിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. പണത്തിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പോലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് സ്‌കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അജാസിനെ കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പോലീസ് പറയുന്നത്.