ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി മമത; ആവശ്യങ്ങള്‍ അംഗീകരിച്ചു; തിരികെ കേറാന്‍ നിര്‍ദേശം

Posted on: June 15, 2019 8:05 pm | Last updated: June 16, 2019 at 9:51 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ പരിഹാര നടപടിയുമായി സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുന്നുവെന്നും സമരം ചെയ്യുന്നവര്‍ ഉടന്‍ ജോലിയില്‍ തിരികെ കയറണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. സമരം ചെയ്ത ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ പ്രയാസപ്പെടുകയാണ്. ഈ ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുന്നു. ചര്‍ച്ചക്കായി മന്ത്രിമാരെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയും അയക്കാന്‍ സന്നദ്ധമാണ്. ഇന്നലെ സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചക്ക് തയ്യാറായി എത്തിയെങ്കിലും ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ വന്നിരുന്നില്ല. ഭരണഘടനാ സംവിധാനങ്ങളെ ഡോക്ടര്‍മാര്‍ മാനിക്കണമെന്നും മമത ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടെ സമരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മമത സമവായത്തിന് തയ്യാറായത്. ഒരു ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. പ്രതിഷേധം പിന്നീട് മറ്റു പല സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തിരുന്നു.