Connect with us

Science

ഗഗൻയാൻ 2022ലെ സ്വാതന്ത്ര്യ ദിനത്തിൽ

Published

|

Last Updated

75ാം സ്വാതന്ത്ര്യദിനത്തിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഇന്ത്യ. ആറ് മാസത്തിനുള്ളിൽ ബഹിരാകാശയാത്രികരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങും. രണ്ടോ മൂന്നോ യാത്രികരെയായിരിക്കും തിരഞ്ഞെടുക്കുകയെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഗഗൻയാൻ പദ്ധതിക്ക് വേണ്ടിയുള്ള നാഷനൽ അഡൈ്വസറി കൗൺസിൽ രൂപവത്കരിച്ചുവരികയാണ്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഇതിൽ ഉൾപ്പെടുത്തും. ഗഗൻയാൻ പദ്ധതിക്ക് നേരത്തേ തന്നെ കേന്ദ്ര സർക്കാർ പതിനായിരം കോടി രൂപ അനുവദിച്ചിരുന്നു.
ബഹിരാകാശ യാത്രികർക്കുള്ള പ്രാഥമിക പരിശീലനം ഇന്ത്യയിലും വിദഗ്ധ പരിശീലനം പുറത്തും നൽകും. പരിശീലനം ഒന്ന് മുതൽ ഒന്നര വർഷം വരെ നീളുമെന്ന് കെ ശിവൻ പറഞ്ഞു. ജി എസ് എൽ വി മാർക്ക് 3 വിക്ഷേപണ വാഹനമാകും ഗഗൻയാൻ പദ്ധതിക്ക് ഉപയോഗിക്കുക. ഇതിന് മുന്നോടിയായി രണ്ട് ആളില്ലാ വിക്ഷേപണങ്ങൾ നടത്തും. ആദ്യത്തേത് അടുത്ത വർഷം ഡിസംബറിലും അതിന് ശേഷം ആറ് മാസം കഴിഞ്ഞ് രണ്ടാമത്തെ വിക്ഷേപണവും നടത്തും.

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം അടുത്ത മാസം പതിനഞ്ചിന് ഉണ്ടാകുമെന്ന് ഐ എസ് ആർ ഒ അധികൃതർ നേരത്തേ അറിയിച്ചിരുന്നു. സെപ്തംബർ ആറിനോ ഏഴിനോ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി എസ് എൽ വി മാർക്ക് മൂന്ന് വിക്ഷേപണ വാഹനം തന്നെയായിരിക്കും ചാന്ദ്രയാൻ രണ്ട് ദൗത്യത്തിനും ഉപയോഗിക്കുക. ഓർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രഗ്യാൻ) എന്നീ മൂന്ന് ഭാഗങ്ങളായിരിക്കും ചാന്ദ്രയാൻ രണ്ടിന് ഉണ്ടായിരിക്കുക. ചന്ദ്രയാൻ ഒന്ന് ദൗത്യത്തിൽ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കിയതിൽ നിന്ന് വിഭിന്നമായി സോഫ്റ്റ് ലാൻഡിംഗ് സാങ്കേതികവിദ്യയായിരിക്കും ചാന്ദ്രയാൻ രണ്ടിൽ ഉപയോഗപ്പെടുത്തുക.

Latest