Connect with us

Gulf

എംബസി തുണയായി; മലപ്പുറം സ്വദേശി മൂസ ഇന്ന് നാട്ടിലേക്ക്

Published

|

Last Updated

അബുദാബി : പക്ഷാഘാതം ബാധിച്ച് അബുദാബി മുസ്സഫയിലെ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ രണ്ടര മാസമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മമ്പുറം സ്വദേശി ശാരത്ത് വളപ്പില്‍ മൂസയെ തുടര്‍ ചികില്‍സക്കായി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

ഇരുപത് വര്‍ഷമായി അബുദാബി സലാം സ്ട്രീറ്റിലെ ഫിഷ് എക്യുപ്‌മെന്റ് കമ്പനിയില്‍ ജോലിചെയ്യുകയായിരുന്ന മൂസ്സ രക്തസമ്മര്‍ദം കൂടി അതി ഗുരുതരാവസ്ഥയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയായിരുന്നു. അബുദാബി മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ രത്‌നാകര്‍ സംഘവും നല്‍കിയ തീവ്ര ചികിത്സയിലൂടെഅദ്ദേഹം സുഖം പ്രാപിക്കുകയും തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ട നടപടി ക്രമങ്ങള്‍ ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നും പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ രോഗിയെ വിമാനത്തില്‍ സ്‌ട്രെച്ചറില്‍ കൊണ്ടുപോകണ്ടതിനാല്‍ യാത്രാ കൂലിയായി വലിയ തുക അടക്കാന്‍ സാധിക്കാതെ ബന്ധുക്കള്‍ എം എം നാസര്‍ കാഞ്ഞങ്ങാടിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ ഇടപെടലിലൂടെ രോഗിയെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതിനും, കൂടെ പോകാനുള്ള നഴ്‌സിന്റെയും വിമാന യാത്രക്കൂലി മുഴുവനായി ഇന്ത്യന്‍ എംബസി വഹിക്കുകയും ചെയ്യുകയായിരുന്നു.

ഇന്ന് ഉച്ചക്ക് 2.40 ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ മൂസയേയും പരിചരിക്കുന്ന നഴ്‌സിനെ യും നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ അധികൃതരുടെ ഇടപെടലിലൂടെ നിര്‍വഹിച്ചതായി ഇതിന് നേതൃത്വം നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ വേങ്ങര കണ്ണമംഗലം അബ്ദുല്‍ റഷീദ് ചേരൂര്‍ പറഞ്ഞു . തന്റെ സഹോദരന്റെ ചികിത്സക്കു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നിര്‍വഹിച്ചു തന്ന ഇന്ത്യന്‍ എംബസി അധികൃതരോടും അബുദാബി ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ജീവനക്കാരോടും സാമൂഹ്യ പ്രവര്‍ത്തകരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് കൂടെ നാട്ടിലേക്ക് പോകുന്ന മൂസയുടെ സഹോദരന്‍ മുസ്തഫ പറഞ്ഞു.