‘വായു’ ഗുജറാത്ത് തീരം തൊടാതെ ഒമാനിലേക്ക് ;ഗുജറാത്തില്‍ ജാഗ്രത തുടരുന്നു

Posted on: June 14, 2019 10:28 am | Last updated: June 16, 2019 at 11:58 pm

അഹമ്മദാബാദ്: ഗുജറാത്ത് തീരം പിന്നിട്ട് വായു ചുഴലിക്കാറ്റ് ഒമാനിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. പാക് തീരം ലക്ഷ്യമിട്ടു നീങ്ങിയ കാറ്റിന് ദിശമാറ്റം ഉണ്ടായതോടെയാണ് കാറ്റ് ഒമാനിലേക്ക് നീങ്ങുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വായുവിന്റെ പ്രഭാവത്തില്‍ ഗുജറാത്തിന്റെ തീര മേഖലകളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നേരത്തേയുള്ള നിഗമനം തെറ്റിച്ചുകൊണ്ടാണ് കാറ്റ് ഗുജറാത്ത് തീരം തൊടാതെ മുന്നേറുന്നത്. ഗതി മാറിയെങ്കിലും സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നു ഗുജറാത്ത് സര്‍ക്കാര്‍ വിലയിരുത്തുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്തുനിന്നു കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.