മസ്തിഷ്‌ക ജ്വരം: മുസഫര്‍പൂരില്‍ അഞ്ചു കുട്ടികള്‍ കൂടി മരിച്ചു

Posted on: June 13, 2019 8:54 pm | Last updated: June 13, 2019 at 11:45 pm

മുസഫര്‍പൂര്‍: മസ്തിഷ്‌ക ജ്വരം ബാധിച്ച് ബീഹാറിലെ മുസഫര്‍പൂരില്‍ അഞ്ചു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 48 ആയി. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ (എസ് കെ എം സി എച്ച്) നാലും കെജ്‌രിവാള്‍ മെറ്റേണിറ്റി ക്ലിനിക്കില്‍ ഒന്നും മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ കുമാര്‍ (ഒന്നര), വിക്രാന്ത് കുമാര്‍ (നാല്), റാം ബാബു റാം (ഏഴ്), ചിന്തു കുമാര്‍ (ഏഴ്) എന്നിവരാണ് ഇന്ന് മരിച്ചത്.

നിരവധി കുട്ടികള്‍ക്ക് രോഗം ബാധിച്ചതിന്റെ കാരണം പരിശോധിക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഏഴംഗ കേന്ദ്ര സംഘം ബുധനാഴ്ച ജില്ലയിലെത്തിയിട്ടുണ്ട്. രോഗികളെ പരിശോധിച്ച ശേഷം സംഘം എസ് കെ എം സി എച്ചിലെ സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി. രോഗികളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചികിത്സയുടെ രീതികള്‍ വിലയിരുത്തുകയും ചെയ്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം പദ്ധതിയുടെ ഉപദേശകനും ശിശുരോഗ വിദഗ്ധനുമായ ഡോ. അരുണ്‍ സിംഗാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്.