Connect with us

Eranakulam

ഡ്രീം ലൈൻ സർവീസുകളും നിർത്തി; പ്രവാസി മലയാളികൾക്ക് യാത്രാദുരിതം

Published

|

Last Updated

നെടുമ്പാശ്ശേരി: ദുബൈയിൽ നിന്ന് കേരളത്തിന്റെ മധ്യഭാഗമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഡ്രീംലൈൻ സർവീസുകൾ നിർത്തിവെച്ച എയർ ഇന്ത്യയുടെ നടപടി പ്രവാസി മലയാളികൾക്ക് ഇരുട്ടടിയായി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദിനംപ്രതി സർവീസ് നടത്തിയിരുന്ന 256 പേർ യാത്ര ചെയ്യുന്ന വിമാനമാണ് എയർ ഇന്ത്യ നിർത്തലാക്കിയിരിക്കുന്നത്.

ഇതിന് പകരമായി 162 പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന വിമാനമാണ് ഇപ്പോൾ ഏർപ്പെടുത്തിയത്.
ഇത് വഴി കൊച്ചി സെക്ടറിലെ യാത്രക്കാർക്ക് ദിനംപ്രതി 94 സീറ്റിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സാധാരണയായി നാട്ടിലേക്കുള്ള യാത്രക്കായി പ്രവാസി മലയാളികൾ കൂടുതലായും എയർ ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.

സീറ്റുകൾ കുറച്ച് ഡിമാൻഡ് വർധിപ്പിച്ചു കൊണ്ട് അധിക ചാർജ് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യാനുള്ള നീക്കമാണ് തീരുമാനത്തിന് പിന്നിലെന്നാണ് പ്രവാസി മലയാളികൾ ആരോപിക്കുന്നത്. ഡ്രീംലൈൻ വിമാനങ്ങൾ നിലവിൽ സർവീസ് നടത്തുന്ന ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് വീണ്ടും അതേ വിമാനം അനുവദിച്ച് സർവീസ് നടത്തുമ്പോഴാണ് മലയാളികളോട് എയർ ഇന്ത്യയുടെ ഈ വിവേചനം.

സാങ്കേതിക തകരാറിനെ തുടർന്ന് ബോയിംഗ് വിമാനങ്ങൾ താത്കാലികമായി പിൻവലിച്ചത് മൂലം ഉണ്ടായിട്ടുള്ള സർവീസ് നഷ്ടത്തിനിടയിലാണ് എയർ ഇന്ത്യയുടെ തീരുമാനവും പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടിയാകുന്നത്. ഇതോടെ വരും ദിവസങ്ങളിൽ വിമാന നിരക്കിൽ വൻ വർധനവിനും ഇത് ഇടയാക്കും.