കത്‌വ: വിധിയില്‍ തൃപ്തിയില്ലാതെ ദേശീയ വനിതാ കമ്മീഷന്‍, വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് അധ്യക്ഷ

Posted on: June 10, 2019 9:25 pm | Last updated: June 11, 2019 at 10:04 am

ന്യൂഡല്‍ഹി: കത്‌വയില്‍ എട്ടു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികള്‍ക്ക് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലാതെ ദേശീയ വനിതാ കമ്മീഷന്‍. വധ ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും പ്രതികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണമെന്നും കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.

കേസില്‍ ആദ്യ മൂന്നു പ്രതികളായ സഞ്ജി റാം, പര്‍വേശ് കുമാര്‍, ദീപക് കജൂരിയ എന്നിവര്‍ക്ക് ജീവപര്യന്തവും മറ്റ് പ്രതികളായ ആനന്ദ് മേത്ത, സുരേന്ദര്‍ വര്‍മ, തിലക്‌രാജ്‌
എന്നിവര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവുമാണ് പഠാന്‍കോട്ട് പ്രത്യേക കോടതി വിധിച്ചത്. ഒരാളെ കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെവിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഇയാളെ വെറുതെവിട്ടത്.

2018 ജനുവരി പത്തിന് ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ ആടിനെ മേയ്ക്കാന്‍ പോയ നാടോടി സംഘത്തില്‍പെട്ട പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് 17ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് എട്ടുവയസ്സുകാരിയുടെ അന്ത്യം. എട്ട് പേരടങ്ങുന്ന സംഘം ക്ഷേത്രത്തില്‍ പാര്‍പ്പിച്ച് കുട്ടിയെ ദിവസങ്ങളോളം കൂട്ട ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു.