Connect with us

Education

കേരള എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഇടുക്കി സ്വദേശി വിഷ്ണു വിനോദിന് ഒന്നാം റാങ്ക്

Published

|

Last Updated

തിരുവനന്തപുരം: 2019ലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ആനക്കര സ്വദേശി വിഷ്ണു വിനോദ് ഒന്നാം റാങ്ക് നേടി. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി എ ഗൗതം ഗോവിന്ദിനാണ് രണ്ടാം റാങ്ക്. കോട്ടയം വടവത്തൂര്‍ സ്വദേശി അക്വിബ് നവാസ് മൂന്നാം റാങ്കും നേടി .തിങ്കളാഴ്ച ഉച്ചക്ക് 12ന് പി ആര്‍ ചേംബറില്‍ മന്ത്രി ഡോ. കെടി. ജലീലാണ് റാങ്ക് പ്രഖ്യാപനം നിര്‍വഹിച്ചത്.

ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന റാങ്ക് പട്ടിക നാഷനല്‍ ഓപണ്‍ സ്‌കൂളിന്റെ പ്ലസ് ടു ഫലം വൈകിയതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഇത്തവണ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 73,437 പേരില്‍ 51,665 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. ഇവരുടെ പ്ലസ് ടു/ തത്തുല്യ പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിലെ മാര്‍ക്കും പ്രവേശന പരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചുള്ള സമീകരണ പ്രക്രിയക്കുശേഷമാണ് റാങ്ക് പട്ടിക തയാറാക്കിയത്.56,307 പേര്‍ ഫാര്‍മസി പ്രവേശന പരീക്ഷ എഴുതിയതില്‍ 39,908 പേരാണ് യോഗ്യത നേടിയത്. നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചറില്‍ (നാറ്റ) ലഭിച്ച സ്‌കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയിലെ മാര്‍ക്കും ചേര്‍ത്താണ് ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക തയാറാക്കിയത്.