ന്യൂനമര്‍ദം ചുഴലിയാകും; സംസ്ഥാനത്ത് നാളെ മുതല്‍ മഴയുടെ ശക്തി കുറയും

Posted on: June 10, 2019 8:42 am | Last updated: June 10, 2019 at 10:55 am

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് ചില ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാന നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്ക് – വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കാണ് കാറ്റ് നീങ്ങുക. അതിനാല്‍ കേരളത്തെ ബാധിക്കില്ലെന്നാണ് കരുതുന്നത്. വായു എന്നാണ് ചുഴലിക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയാണ് ഈ പേര് നിര്‍ദേശിച്ചത്.

കാറ്റടിക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ കുറയും. തെക്കന്‍ ജില്ലകളില്‍ ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു. കേരള തീരത്ത് 45 മുതല്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതീക്ഷിച്ചതിലും അല്‍പ്പം വൈകിയാണെങ്കിലും രാജ്യത്ത് ലഭിക്കുന്ന മഴയുടെ എഴുപത് ശതമാനവും കൊണ്ടുവരുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അളവില്‍ ഇക്കുറിയും കുറവുണ്ടാകില്ലെന്നാണ് നിഗമനം. കഴിഞ്ഞ മഴക്കാലത്ത് സംഭവിച്ചതുപോലുള്ള പ്രളയത്തിനും ഇത്തവണ സാധ്യതയില്ല. ഒരാഴ്ച വൈകി ശനിയാഴ്ചയാണ് കാലവര്‍ഷമെത്തിയത്.