പാലക്കാട്ട് മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ട് മരണം

Posted on: June 9, 2019 4:46 pm | Last updated: June 10, 2019 at 8:43 am

പാലക്കാട്: തണ്ണിശ്ശേരിയില്‍ മിനി ലോറിയും ആബുംലന്‍സും കൂട്ടിയിടിച്ച് എട്ട് മരണം. ആംബുലന്‍സിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളാണ് മരിച്ചത്.

നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ആംബുലന്‍സ് മീന്‍ കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  നെന്മാറ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സുധീർ (39), പട്ടാമ്പി
വാടാനകുറിശ്ശി സ്വദേശികളായ നാസർ (45), സുബൈർ (39), ഫവാസ് (17), ഷാഫി (13), ഉമർ ഫാറൂഖ് (20), അയിലൂർ സ്വദേശികളായ നിഖിൽ, വൈശാഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്ന അഞ്ച് പട്ടാമ്പി സ്വദേശികള്‍ക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സ്‌കാനിംഗ്, എക്‌സ്‌റേ ഉള്‍പ്പടെ തുടര്‍ പരിശോധനകള്‍ക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളടക്കമുള്ളവരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് അപകടശേഷം ആളുകളെ പുറത്തെടുത്തത്.