Connect with us

National

മാലദ്വീപ്, ശ്രീലങ്കൻ സന്ദർശനം; മോദി ഇന്ന് യാത്ര തിരിക്കും

Published

|

Last Updated

ന്യൂഡൽഹി: മാലദ്വീപ്, ശ്രീലങ്കൻ സന്ദർശനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. ഇന്ന് മാലദ്വീപിലെത്തുന്ന പ്രധാനമന്ത്രി അവിടെ പ്രസിഡന്റ്അടക്കം ഉന്നത നേതാക്കളുമായി ചർച്ച നടത്തും. മുൻ പ്രസിഡന്റ്അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ- മാലദ്വീപ് ബന്ധം വഷളായിരുന്നു.

അദ്ദേഹത്തിന്റെ ചൈനാ അനുകൂല സമീപനത്തിലും ഇന്ത്യക്ക് പ്രതിഷേധമുണ്ടായിരുന്നു. പുതിയ പ്രസിഡന്റ് ഇബ്‌റാഹിം സ്വാലിഹിന് ഇന്ത്യയുമായി ഏറെ അടുപ്പമുണ്ട്.
പ്രധാനമന്ത്രി മോദി നാളെയാണ് ഹ്രസ്വ സന്ദർശനത്തിന് ശ്രീലങ്കയിലെത്തുക. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി മോദി ചർച്ച നടത്തും. 11 ഇന്ത്യക്കാരടക്കം 250 പേരുടെ മരണത്തിനിടയാക്കിയ സലഫീ ബോംബാക്രമണത്തിന് ശേഷം ദ്വീപ് രാഷ്ട്രത്തിലെത്തുന്ന ആദ്യ വിദേശ നേതാവാകും മോദി.

ശ്രീലങ്കയിൽ ഇത് മോദിയുടെ മൂന്നാമത്തെ സന്ദർശനമാണ്. 2015ലും 2017ലും അദ്ദേഹം ശ്രീലങ്കയിലെത്തിയിരുന്നു. മാലദ്വീപിൽ നിന്ന് വരുന്ന വഴി ഏതാനും മണിക്കൂറുകൾ മാത്രമാകും അദ്ദേഹം കൊളംബോയിൽ ഉണ്ടാകുക.
11 മണിക്ക് എത്തുന്ന മോദി, സിരിസേന ഒരുക്കുന്ന ഉച്ചവിരുന്നിൽ പങ്കെടുക്കും. തുടർന്ന് ഉഭയകക്ഷി ചർച്ച നടക്കും. മോദിയുടെ സന്ദർശനത്തിനായി പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ശ്രീലങ്കൻ സുരക്ഷാ വിഭാഗം അറിയിച്ചു. ദുരന്തത്തിൽ നിന്ന് കരകയറാൻ ആത്മവിശ്വാസം പകരുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശന ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.