വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ കുരുക്കി കൊലപ്പെടുത്തി

Posted on: June 7, 2019 11:17 pm | Last updated: June 7, 2019 at 11:17 pm

പത്തനംതിട്ട: കുടുംബവഴക്കിനെത്തുടര്‍ന്ന് പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവില്‍ വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി. നെടുമണ്‍കാവ് കൈലാസ കുന്നില്‍ കല്ലുവിള വീട്ടില്‍ ജാനകിയെയാണ് മരുമകന്‍ ഉത്തമന്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാനകിയുടെ മകള്‍ പ്രസന്നയുടെ ഭര്‍ത്താവാണ് ഉത്തമന്‍. ഉച്ചയോടെ ഉത്തമന്‍ ജാനകിയെ വീട്ടിലെ ജനലിനോട് ചേര്‍ത്ത് കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജോലിക്ക് പോയ പ്രസന്ന ഭക്ഷണം കഴിക്കാനായി എത്തിയപ്പോള്‍ ജാനകിയെ താന്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പ്രസന്ന സമീപത്തെ അങ്കണ്‍വാടി ടീച്ചറെ വിവരം അറിയിച്ചു. ഇവരാണ് കൂടല്‍ പോലീസില്‍ വിവരമറിയിച്ചത്. കൊലപാതകം നടത്തിയതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ നാട്ടുകാര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ ക്യാന്‍സര്‍ രോഗബാധിതനാണ്. ജാനകിയെ ഇഷ്ടമല്ലാതിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഉത്തമന്‍ പോലീസിന് നല്‍കിയ മൊഴി .പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.