നിപ്പാ: സർവ സന്നാഹമൊരുക്കി കോഴിക്കോട് മെഡിക്കൽ കോളജ്

Posted on: June 4, 2019 1:21 pm | Last updated: June 4, 2019 at 1:21 pm
മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡ് സജ്ജമാക്കുന്ന ജീവനക്കാർ

കോഴിക്കോട്: എറണാകുളത്ത് വിദ്യാർഥിക്ക് നിപ്പാ ലക്ഷണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിലും പ്രത്യേക ജാഗ്രതാ നിർദേശം. പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന പ്രത്യേക യോഗത്തിനു ശേഷമാണ് ജാഗ്രതാ നിർദേശം നൽകാൻ തീരുമാനിച്ചത്.

ആദ്യഘട്ടമെന്ന നിലയിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. പനി ബാധിച്ചവർ കൂടുതലായി എത്തുന്നതിനാൽ ഇവരെ പ്രത്യേകം നിരീക്ഷിക്കും. ഇവരെ ചികിത്സിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചതായി പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ പറഞ്ഞു.

നിപ്പാ സംശയിക്കുന്ന സാഹചര്യത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത് കണക്കിലെടുത്ത് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രോഗിയുടെ കൂടെ ഒരാളിൽ കൂടുതൽ എത്തുന്നത് ഒഴിവാക്കണമെന്നാണ് ആശുപത്രി അധികൃതരുടെ നിർദേശം.

നേരത്തേ നിപ്പാ ഭീഷണി നേരിട്ടതിന്റെ പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ നൽകാൻ കോഴിക്കോട് നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം കൊച്ചിയിലേക്ക് പോയി.
നിപ്പാ നോഡൽ ഓഫീസറായിരുന്ന ഡോ. ചാന്ദ്‌നി സജീവന്റെ നേതൃത്വത്തിൽ ഡോ. ഷീല മാത്യു, ഡോ. മിനി എന്നിവരും പകർച്ചവ്യാധി നിയന്ത്രണ യൂനിറ്റിൽ പ്രവർത്തിച്ച ശോഭന, ഷീന എന്നീ നഴ്‌സുമാരുമാണ് സംഘത്തിലുള്ളത്.
ആവശ്യമെങ്കിൽ എറണാകുളത്തേക്ക് രണ്ടാമതൊരു സംഘത്തെ കൂടി അയക്കാൻ മെഡിക്കൽ കോളജ് സജ്ജമാണെന്ന് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ അറിയിച്ചു.

അതേസമയം, നിപ്പാ ബാധ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശം എന്ന നിലക്ക് കോഴിക്കോട്ട് ജാഗ്രത തുടരുകയാണ്. നിപ്പാ വൈറസ് വാഹകരായ വവ്വാലുകളുടെ പ്രജനനകാലം ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലയളവിലാണെന്നിരിക്കെ, ഈ സമയത്ത് രോഗം പടരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്. നിപ്പായടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം കലക്ടറേറ്റിൽ അവലോകന യോഗം ചേർന്നിരുന്നു.