എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കലക്ടര്‍; അനാവശ്യ ഭീതി പരത്തരുത്

Posted on: June 2, 2019 2:19 pm | Last updated: June 2, 2019 at 6:58 pm

കൊച്ചി: എറണാകുളത്ത് നിപ സ്ഥിരീകരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല. പനി ബാധിതരായി ചികിത്സ തേടിയെത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നത് പുതിയ കാര്യമല്ലെന്നും അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

എറണാകുളത്തെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് നിപ സ്ഥിരീകരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു കലക്ടര്‍.
രോഗം സ്ഥിരീകരിച്ചാല്‍ ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം പുറപ്പെടുവിക്കും. ജാഗ്രതാ നിര്‍ദേശവും നല്‍കും. ജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും പരത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.