ശബരിമല വിഷയത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു,ആര്‍എസ്എസും ലീഗും ധ്രുവീകരണത്തിന് ശ്രമിച്ചു;പരാജയ കാരണങ്ങള്‍ നിരത്തി സിപിഎം

Posted on: June 1, 2019 8:54 pm | Last updated: June 2, 2019 at 9:49 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നും സ്ത്രീ- പുരുഷ സമത്വം ഇടതുപക്ഷ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്ന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ആദ്യം സ്വാഗതം ചെയ്തു. പിന്നീട് സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവര്‍ നിലപാട് മാറ്റുകയായിരുന്നു. സര്‍ക്കാരിന്റെ നിലപാടിനെതിരെ ബിജെപിയും യുഡിഎഫും നടത്തിയ പ്രചാരവേലയില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇത് തുറന്നുകാട്ടാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്നും കോടിയേരി പറഞ്ഞു. ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം ബൂത്തുതലം മുതല്‍ ആഴത്തില്‍ പരിശോധിക്കും .പരാജയത്തിന് ഓരോ സ്ഥലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉണ്ട്. മോദി വിരുദ്ധ പ്രചാരണത്തിന്റെ നേട്ടം കൊയ്തത് യുഡിഎഫാണ്. ഇടതുപക്ഷത്തിനോട് ശത്രുത ഇല്ലാത്തവരും യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു. മാധ്യമസര്‍വേകളും യുഡിഎഫിന് അനുകൂലമായെന്ന് കോടിയേരി പറഞ്ഞു.എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ് യുഡിഎഫിന് വോട്ടുമറിച്ചു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ഒറ്റ അജന്‍ഡയായിരുന്നു ആര്‍എസ്എസിനും ബിജെപിക്കുമെന്നും കോടിയേരി ആരോപിച്ചു.മുസ്‌ലീം ലീഗ് മറ്റു മുസ്‌ലീം സംഘടനകളെ ഏകോപിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍എസ്എസ് ഹിന്ദു ധ്രൂവീകരണത്തിന് ശ്രമിച്ചപോലെ ലീഗ് മുസ്‌ലീം ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. തീവ്രവാദ നിലപാടുള്ളവരെയും ലീഗ് കൂടെ കൂട്ടിയെന്നും സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി ആരോപിച്ചു.