കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡിഗ്രി വ്യാജമെന്ന് റിപ്പോര്‍ട്ട്

Posted on: June 1, 2019 7:47 pm | Last updated: June 2, 2019 at 10:45 am

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡിഗ്രി വ്യാജമെന്ന് റിപ്പോര്‍ട്ട്. സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്നും രമേഖ് പൊഖ്രിയാല്‍ നിഷാങ്ക് ഡി ലിറ്റ് ബിരുദം നേടി എന്നത് വ്യാജമാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രമേഷ് പൊഖ്രിയാലിന്റെ ബയോഡാറ്റിയില്‍ പറയുന്ന രണ്ട് ഡിലിറ്റ് ബിരുദങ്ങള്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കന്‍ സര്‍വകലാശാലയുടെ പേരിലാണ്. എന്നാല്‍ ശ്രീലങ്കയില്‍ അങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ശ്രീലങ്കയിലെ സര്‍വകലാശാല ഗ്രാന്‍ഡ്‌സ് കമ്മീഷനില്‍ നിന്ന് ഇതിന് വ്യക്തമായ സ്ഥിരീകരണം കിട്ടിയെന്നും ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് കൊളംബോ ഓപ്പണ്‍ സര്‍വകലാശാല പൊഖ്രിയാലിന് ഡോക്ടറേറ്റ് നല്‍കിയതെന്നായിരുന്നു അവകാശവാദം. രമേഷ് പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടി അപൂര്‍ണ്ണമായിരുന്നു. മഹര്‍ഷി കണാദന്‍ ഒരു ലക്ഷം വര്‍ഷം മുമ്പ് ന്യൂക്ലിയര്‍ ടെസ്റ്റ് നടത്തിയെന്നും ആദ്യ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായത് ഗണിപതിയാണെന്നും ജ്യോതിഷത്തിന് മുന്നില്‍ ആധുനിക ശാസ്ത്രം ഒന്നുമല്ലെന്നും തുടങ്ങിയ പ്രസ്താവനകളിലൂടെ വിവാദത്തില്‍പ്പെട്ടയാളാണ് രമേഷ് പൊഖ്രിയാല്‍.