Connect with us

National

മാധ്യമങ്ങളോട് അകലം പാലിക്കാന്‍ വക്താക്കള്‍ക്ക് എ ഐ സി സി നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ക്ക് എ ഐ സി സി നിര്‍ദേശം. കോണ്‍ഗ്രസ് പ്രതിനിധികളെ ചര്‍ച്ചക്കുള്ള പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് വക്തമാവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ അറിയിച്ചു. എ ഐ സി സിയുടെ ഇത് സംബന്ധിച്ച സര്‍ക്കുലറും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മധ്യമങ്ങളില്‍ ന്യായമായ ഇടം കോണ്‍ഗ്രസിന് ലഭിച്ചില്ലെന്ന പരാതി നേതൃത്വത്തിനുണ്ട്. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇത് വലിയ തോതില്‍ പ്രകടമയിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. ഇത്സംബന്ധിച്ച് മാധ്യമ ചര്‍ച്ചകളിലും പുറത്തും നിരന്തര പരാതികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയുണ്ടാകുകയും പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പിച്ചു പറയുകയും ചെയ്യുന്ന അവസ്ഥയില്‍ വലിയ സംഘടനാ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ക്ക് മാധ്യമ വിലക്ക് എന്നത് ശ്രദ്ധേയമാണ്.

ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനം പുനപരിശോധിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഏറെ പ്രതിസന്ധിയിലൂടെ കോണ്‍ഗ്രസ് സംഘനനാ സംവിധാനം കടന്ന് പോകുമ്പോള്‍ ഔദ്യോഗിക പ്രതിനിധികളും വക്താക്കളും മാധ്യമങ്ങളോട് അകലം പാലിക്കണമെന്ന നിര്‍ദ്ദേശം എ ഐ സി സി മുന്നോട്ട് വയ്ക്കുന്നത്.

രാഹുല്‍ രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ പി സി സികള്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ രാജ്യ വ്യാപകമായി രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി പ്രകടനങ്ങള്‍ക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.