Connect with us

Kerala

ശബരിമല: സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് എ പത്മകുമാര്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി ശേഖരത്തില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഇതേക്കുറിച്ചുള്ള ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തിരുവനന്തപുരത്ത് ബോര്‍ഡ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, സ്വര്‍ണം, വെള്ളി ഉരുപ്പടികളില്‍ ക്രമക്കേടുണ്ടോ എന്നറിയാന്‍ ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. പത്തനംതിട്ട ദേവസ്വം ഓഫീസിലാണ് പരിശോധന നടത്തിയത്. 2017 മുതലുള്ള മൂന്നു വര്‍ഷത്തെ വഴിപാട് സ്വത്തു വിവരങ്ങളാണ് ഓഡിറ്റിംഗ് വിഭാഗം പരിശോധിച്ചത്. നഷ്ടപ്പെട്ടതായി പറയുന്ന 40 കിലോ സ്വര്‍ണം സ്‌ട്രോംഗ് റൂമില്‍ ഉണ്ടെന്നും മഹസര്‍ രേഖകളില്‍ ഇതു വ്യക്തമാണെന്നും ഓഡിറ്റിംഗ് വിഭാഗം അറിയിച്ചു. സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ല. കണക്കില്‍ പെടാത്ത നാലു വെള്ളി ഉരുപ്പടികള്‍ ശബരിമലയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്.

സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ പാടില്ലായിരുന്നുവെന്ന് പത്മകുമാര്‍ പറഞ്ഞു. വാര്‍ത്ത കണ്ട് ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ഭക്തരാണ് തന്നെ വിളിച്ച് അയ്യപ്പന്റെ ഒരു പവനെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന് അന്വേഷിച്ചത്. 2016ല്‍ വിരമിച്ച ഗ്രേഡ് വണ്‍ അക്കൗണ്ടന്റ് ജി മോഹനന്‍ എന്നയാള്‍ വരുത്തിയ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. പണം തിരിച്ചടച്ചതു കൊണ്ടു മാത്രം ഒരുദ്യോഗസ്ഥന്‍ ചെയ്ത കുറ്റം ഇല്ലാതാവുകയില്ല. ഇക്കാര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും.

ആറന്മുള സ്‌ട്രോംഗ് റൂമിലെ വസ്തുവകകളുടെ പരിശോധനക്ക് ബോര്‍ഡ് ഒരുവര്‍ഷം മുമ്പു തന്നെ തീരുമാനിച്ചിരുന്നുവെന്നും പത്മകുമാര്‍ വ്യക്തമാക്കി. ബോര്‍ഡിന്റെ വസ്തുവകകള്‍ പലതും സ്വകാര്യ വ്യക്തികളുടെ കൈയിലാണെന്ന യാഥാര്‍ഥ്യമുണ്ട്. ഇതു തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.