പുനര്‍നിര്‍മാണത്തിലൂടെ പുതുകേരളത്തിലേക്ക്

മുഖ്യമന്ത്രി
Posted on: May 25, 2019 11:47 am | Last updated: May 25, 2019 at 11:47 am

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട വാഗ്ദാനങ്ങളില്‍ ഭൂരിപക്ഷവും നിറവേറ്റി, പ്രളയാനന്തര പുതുകേരളത്തിന്റെ നിര്‍മാണത്തിനായി നീങ്ങുന്ന വേളയിലാണ് സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം എത്തുന്നത്.

ഈ മൂന്ന് വര്‍ഷങ്ങള്‍ പലതുകൊണ്ടും ശ്രദ്ധേയമായി. വര്‍ഗീയ കലാപങ്ങളില്ലാത്ത, ക്രമസമാധാന പ്രശ്‌നങ്ങളില്ലാത്ത വര്‍ഷങ്ങള്‍. പരമ്പരാഗത സങ്കല്‍പങ്ങള്‍ വിട്ട് വിഭവസമാഹരണ കാര്യത്തില്‍ മൗലികവും പുതുമയുള്ളതുമായ വഴികള്‍-കിഫ്ബി പോലുള്ളവയിലൂടെ- തേടുകയും വിജയിക്കുകയും ചെയ്ത വര്‍ഷങ്ങള്‍.
ക്രമസമാധാന പാലനം, അഴിമതി നിര്‍മാര്‍ജനം, ആരോഗ്യ പരിപാലനം തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എന്ന് വിവിധങ്ങളായ ഏജന്‍സികളാല്‍ വിലയിരുത്തപ്പെട്ട വര്‍ഷങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളി സമൂഹത്തിന്റെ പണം മാത്രമല്ല, ജീനിയസ് കൂടി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും വേണ്ടി ഉപയുക്തമാക്കാന്‍ പോരുമാറ് ‘ലോക കേരളസഭ’ എന്ന സംവിധാനം നിലവില്‍കൊണ്ടുവന്ന ഘട്ടം. ബജറ്റ് എന്ന പരമ്പരാഗത ചട്ടക്കൂടിനു പുറത്തേക്കു കടന്ന് വിഭവസമാഹരണം നടത്താനും അത് അടിസ്ഥാന വികസന സൗകര്യങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാനും കഴിയുമെന്നു കണ്ടെത്തുകയും ലക്ഷ്യത്തെ അതിശയിക്കും വിധം അത് വിജയിപ്പിക്കുകയും ചെയ്ത ഘട്ടം.

ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ വരെ കേരളത്തിന്റെ പേര് മുഴങ്ങുകയും അതിലൂടെ കേരളത്തിന്റെ വികസനത്തിന്റെ പുതിയ മുഖം വര്‍ധിച്ച വിശ്വാസ്യതയോടെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുകയും ചെയ്തു. പകര്‍ച്ചവ്യാധി മുതല്‍ പ്രകൃതിദുരന്തങ്ങളില്‍ വരെ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ പങ്കാളിത്തമുറപ്പിച്ചും ഒറ്റമനസ്സായി നേരിടുകയും അതിലൂടെ ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. നിപ മുതല്‍ പ്രളയ ദുരന്തം വരെയുള്ളവയെ ആത്മവിശ്വാസത്തോടും നിശ്ചയ ദാര്‍ഢ്യത്തോടും കര്‍മോന്മുഖമായി നേരിട്ടത് ഈ ഘട്ടത്തിലാണ്. മുപ്പത്തൊന്നായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടും മനസ് തളരാതെ ആര്‍ജവമുള്ള മറികടക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് അവയെ അതിജീവിക്കുക മാത്രമല്ല, മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ട കേരളത്തെ സൃഷ്ടിക്കാന്‍ അര്‍പ്പണബോധത്തോടെയുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു മുമ്പോട്ടു പോകുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. പൊതു വിദ്യാലയങ്ങളിലുള്ള വിശ്വാസം വീണ്ടെടുത്ത് സമൂഹത്തിന് അവയെ സ്വീകാര്യമാക്കി. തകര്‍ച്ചയിലായ പൊതുമേഖലാ സ്ഥാപനങ്ങളെ ശാക്തീകരിച്ചും നവീകരിച്ചും ലാഭത്തിലാക്കി.

നിയമ പരിപാലനത്തിനും നീതി വാഴ്ചക്കും മേലെയല്ല പണവും അധികാരവും സ്വാധീനങ്ങളും എന്നു ബോധ്യപ്പെടുത്തിക്കൊണ്ട്, നിയമം അറച്ചുനില്‍ക്കുമെന്ന് പലരും കരുതിയ ഘട്ടത്തില്‍ മുഖം നോക്കാത്ത നടപടികളുണ്ടായി. തെളിയാക്കേസുകള്‍ പലതും തെളിയിച്ചത് ഈ ഘട്ടത്തിലാണ്. സൈബര്‍ തട്ടിപ്പ് കേസ് പ്രതികളെ ആഫ്രിക്കന്‍ നാടുകളിലടക്കം ചെന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന് ചരിത്രം സൃഷ്ടിച്ചതും ഈ ഘട്ടത്തിലാണ്.
കേരള പുനര്‍ നിര്‍മാണത്തിലേക്കും സമഗ്ര വികസനത്തിലേക്കും ആധുനികവത്കരണത്തിലേക്കും നാം കടക്കുകയായി. കേരളമെന്ന പേര് കേട്ടാല്‍ അന്തരംഗം അഭിമാനപൂരിതമാകുന്ന അവസ്ഥയിലേക്കു നാം മാറുകയായി.

ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. സര്‍ക്കാറിന്റെ ഏതെങ്കിലും വിധമുള്ള ആനുകൂല്യങ്ങള്‍ ഇക്കാലയളവില്‍ സംസ്ഥാനത്തെ ഓരോ വീട്ടിലും എത്തിക്കാനായിട്ടുണ്ട്. ഉയര്‍ന്ന നിരക്കിലുള്ള ക്ഷേമ പെന്‍ഷനുകള്‍ മുടക്കം കൂടാതെ നല്‍കിയും ഭൂമിയില്ലാത്തവര്‍ക്ക് പട്ടയം നല്‍കിയും ദളിത് പിന്നാക്കാദി ജനവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തിയും മുഴുവന്‍ ജനങ്ങള്‍ക്കും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം നാടിന്റെ വികസനം സാധ്യമാക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചു. വികസന പദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധചെലുത്തി. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മലയോര പാത, തീരദേശ പാത, ഗെയില്‍ പൈപ്പ് ലൈന്‍, എല്‍ എന്‍ ജി ടെര്‍മിനല്‍, വാട്ടര്‍ മെട്രോ, നാഷണല്‍ വാട്ടര്‍ വേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ദേശീയ പാതാ വികസനം പോലെ ഏത് സര്‍ക്കാറിനും അസാധ്യമായത് എന്ന് പലരും എഴുതിത്തള്ളിയ പദ്ധതികള്‍ക്കും ജീവന്‍ വെപ്പിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു.

അഴിമതിരഹിത – മതനിരപേക്ഷ – വികസിത കേരളം എന്ന മുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ കേരളത്തില്‍ യാഥാര്‍ഥ്യമാകുകയാണ്. അതിനുള്ള തെളിവാണ് രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാനമായി പബ്ലിക് അഫയേഴ്‌സ് സെന്റര്‍ കേരളത്തെ തിരഞ്ഞെടുത്തു എന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കേരളത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയിലും കേരളം ഒന്നാം സ്ഥാനത്താണ്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം, സാമൂഹികക്ഷേമ മേഖലകളെ കൈയൊഴിയാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സാമ്പത്തിക നയം, സംസ്ഥാന താത്പര്യങ്ങളോട് അവഗണനകാട്ടുന്ന കേന്ദ്ര സമീപനങ്ങള്‍, നോട്ടു നിരോധനം, പ്രകൃതിദുരന്തത്തിന് അര്‍ഹമായ സഹായം നിഷേധിക്കല്‍, സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ നിരാകരിക്കല്‍ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികള്‍ക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനായി.

നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം താങ്ങാനാകാത്ത ചികിത്സാ ചെലവ് മൂലം ഗ്രാമീണ മേഖലയിലെ എട്ട് ശതമാനവും നഗര മേഖലയിലെ 12 ശതമാനവും ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആ സാഹചര്യം കേരളത്തില്‍ സംജാതമാകാതിരിക്കാന്‍ ആര്‍ദ്രം പദ്ധതി സഹായിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയും സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ജില്ലാ, താലൂക്ക് ആശുപത്രികളില്‍ വരെ ലഭ്യമാക്കിയും ആരോഗ്യ രംഗത്ത് കേരളം പുതിയ മാതൃക തീര്‍ക്കുകയാണ്.

പ്രൈമറി സ്‌കൂള്‍തലം മുതല്‍ സര്‍വകലാശാലാതലം വരെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാനും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കി. അതിന്റെ ഫലമാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മൂന്നേകാല്‍ ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി എത്തിയത്. 40,000 ക്ലാസ്സ് മുറികള്‍ ഹൈടെക്ക് ആക്കി. അനേകം സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചു.
സ്വന്തമായി ഭൂമിയില്ലാതിരുന്ന 1.02 ലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ ഇതിനകം പട്ടയം നല്‍കിയത്. പുതുതായി ആറ് റവന്യൂ ഡിവിഷനുകള്‍ ആരംഭിച്ചു.

പോലീസ് സേനയില്‍ ചരിത്രത്തിലാദ്യമായി ആദിവാസികള്‍ക്ക് മാത്രമായി പ്രത്യേക ബാച്ച് രൂപവത്കരിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 200 പേര്‍ക്ക് തീരദേശ സേനയില്‍ നിയമനം നല്‍കുന്നതിന് നടപടി സ്വീകരിച്ചു. തിരുവനന്തപുരത്തിനു പുറമെ എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടി സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചു. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കാനായി റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചു. ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച വിശപ്പുരഹിത കേരളം പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.

കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തോട് അടുക്കുന്ന വേളയിലാണ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം സംഭവിച്ചത്. 1,46,000 ത്തിലധികം ഹെക്ടര്‍ ഭൂമിയിലെ കൃഷിയെ അത് പ്രതികൂലമായി ബാധിച്ചു. 58,000 ഹെക്ടര്‍ ഭൂമിയില്‍ എക്കല്‍ വന്നടിഞ്ഞു. പത്ത് ലക്ഷത്തിലധികം കൃഷിക്കാരെയാണ് പ്രളയം ബാധിച്ചത്. പശുക്കളും കോഴികളും താറാവുകളും ഉള്‍പ്പെടെ രണ്ടര ലക്ഷത്തോളം ജീവികള്‍ ചത്തൊടുങ്ങി. നാലായിരത്തി അഞ്ഞൂറ് കോടിയോളം രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ മാത്രമുണ്ടായി. ഈ മേഖലയുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി കൃഷിയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതാണ് ഇനി നമുക്കു മുന്നിലുള്ള വെല്ലുവിളി.

സുരക്ഷിത ഭവനങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിക്കും മുകളിലാണ് കേരളം. എങ്കിലും കേരളത്തില്‍ നാലര ലക്ഷത്തോളം ഭവനരഹിതരുണ്ട്. അതുകൊണ്ടാണ് ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ലൈഫ് പദ്ധതി ആരംഭിച്ചത്. പൊതുമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചുവരുന്നത്. 14 പൊതുമേഖലാ സ്ഥാപനങ്ങളെ ഇതിനകം ലാഭത്തിലാക്കാന്‍ സാധിച്ചു.
സാമൂഹിക അസമത്വങ്ങള്‍ക്ക് അറുതിവരുത്താന്‍ ഉതകുന്ന വിധത്തില്‍ തൊഴില്‍ മേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അമ്പലങ്ങളില്‍ ശാന്തിക്കാരായി ദളിതരുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ നിയമിച്ച നടപടി. ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും ഏര്‍പ്പെടുത്തി.

സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ പ്രധാനപ്പെട്ടത് കിഫ്ബിയുടെ പുനഃസംഘടനയാണ്. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ഈ ധനസമാഹരണ ഉപാധിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ടുതന്നെ 42,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയിലൂടെ ഭരണാനുമതി നല്‍കാന്‍ സാധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ ലക്ഷ്യത്തിനുമപ്പുറത്തേക്ക് കുതിക്കാന്‍ നമുക്ക് കഴിയുന്നുവെന്നതിന് തെളിവാണിത്. കിഫ്ബി ആവിഷ്‌കരിച്ചിട്ടുള്ള പുതിയ നിക്ഷേപ അവസരങ്ങളിലൊന്നാണ് മസാല ബോണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇത് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ഓഹരി വിപണിയില്‍ ബോണ്ടുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള വിപുലമായ അവസരമാണ് തുറന്നു കിട്ടിയിട്ടുള്ളത്.
കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിനുവേണ്ടിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനായി.

സമാനതകളില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളില്‍ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നില്‍ക്കാനും കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നമ്മുടെ ഏറ്റവും വലിയ നേട്ടം. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന അതിബൃഹത്തായ കടമ പൂര്‍ണതോതില്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ വേണ്ടിവരും. അതിനായി ആസൂത്രണത്തിനും നിര്‍മാണത്തിനും വേഗതയും കാര്യക്ഷമതയും ഉള്‍ക്കൊള്ളുന്ന പുനര്‍നിര്‍മാണ പദ്ധതിയുമായാണ് മുന്നോട്ടു നീങ്ങുന്നത്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 36,000 കോടി രൂപ ആവശ്യമുണ്ടെന്നാണ് യു എന്‍ ഏജന്‍സികളുടെ കണക്ക്. ഈ പണം ആഭ്യന്തരമായി സ്വരൂപിക്കുക കേരളത്തെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. ഇത് സാധ്യമാക്കുന്നതിനായി വിവിധ തരത്തിലുള്ള വിഭവസമാഹരണ രീതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണ്.