Connect with us

Kerala

ശബരിമല മലബാറിലും ഇടതിന്റെ അടിത്തറ ഇളക്കി

Published

|

Last Updated

കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ മലബാറിലും എല്‍ ഡി എഫിന്റെ അടിത്തറ ഇളക്കിയെന്ന് വ്യക്തം. ശബരിമല പ്രശ്‌നം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ മൂന്ന് മാസം സൃഷ്ടിച്ച സംഘര്‍ഷം ഇടതിന് എതിരായി മാറുകയായിരുന്നു. മലബാറില്‍ സി പി എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ട് ചോര്‍ച്ചയുണ്ടായത് ഇതിന് ഉദാഹരണമാണ്. കാസര്‍കോടും വടകരയും കണ്ണൂരുമെല്ലാം ഇത് പ്രകടമാണ്.

തലശ്ശേരി, കൂത്ത്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം, കല്ല്യാശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, വടകര, കോഴിക്കോട് നോര്‍ത്ത്, മലമ്പുഴ അടക്കമുള്ള സി പി എം കോട്ടകളിലെല്ലാം വോട്ട് ചോര്‍ച്ചയുണ്ടായി. സവര്‍ണ ഹിന്ദു വോട്ടുകള്‍ക്ക് പുറമെ ഈ മണ്ഡലങ്ങളിലെല്ലാമുള്ള സി പി എമ്മിന്റെ വോട്ട്ബാങ്കായ ഈഴവ വോട്ടുകളില്‍ വലിയ ഇടിവാണ് സംഭവിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാനത്തെ ചില മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ പോലും യു ഡി എഫിന് കടന്നുകയറാന്‍ കഴിഞ്ഞു.
എന്നാല്‍ ശബരിമല പ്രശ്‌നത്തില്‍ മുന്നില്‍ നിന്ന് സമരം നയിച്ച ബി ജെ പിയേക്കാള്‍ ഗുണം ചെയ്തതത് കോണ്‍ഗ്രസിനാണ്. മലബാറിലെ മണ്ഡലങ്ങളില്‍ ഇത് പ്രകടമാണ്.

മലബാറില്‍ ശബരിമല വലിയ തോതില്‍ സ്വാധീനിക്കില്ലെന്നായിരുന്നു സി പി എം കണക്കാക്കിയിരുന്നത്. എന്നാല്‍ സി പി എമ്മിന്റെ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്ന ഫല സൂചനകളാണ് 30 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ വരുന്നത്.
കോഴിക്കോട് മണ്ഡലത്തില്‍ പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചക്ക് പുറമെ ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രിലേക്ക് വലിയ തോതില്‍ ക്രോസ് വോട്ടിംഗ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിന്റെ സ്വന്തം മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ എം കെ രാഘവന് മുന്നിലെത്താന്‍ കഴിഞ്ഞത് സി പി എമ്മിന്റെ പരമ്പരാഗത ഹിന്ദു വോട്ടുകളിലലുണ്ടായ ചോര്‍ച്ച വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 30000ത്തിന് മുകളില്‍ വോട്ട് പ്രദീപ് കുമാര്‍ ജയിച്ച മണ്ഡലമാണിതെന്നത് ശ്രദ്ധേയമാണ്.

 

Latest