Connect with us

Editorial

ഒടുവില്‍ വോട്ടുയന്ത്ര കടത്തും

Published

|

Last Updated

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളോ രേഖകളോ ഇല്ലാതെ കടത്തുകയായിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ പിടികൂടിയതോടെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നതായുള്ള സംശയം ബലപ്പെട്ടിരിക്കയാണ്. ഹരിയാന, ബീഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ പ്രതിപക്ഷ കക്ഷി പ്രവര്‍ത്തകര്‍ പിടികൂടിയത്. യു പിയിലെ ഗാസിപുരയിലെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ വാഹനങ്ങളില്‍ കയറ്റി കടത്താനുള്ള ശ്രമം ബി എസ് പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. യു പിയിലെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടന്നു. വരാണസിക്കു സമീപം ചന്ദൗളി മണ്ഡലത്തിലും ഝാന്‍സിയിലും വോട്ടിംഗ് യന്ത്രങ്ങളും വി വി പാറ്റുകളും കാറുകളിലേക്ക് മാറ്റുന്നതിന്റെയും വോട്ടെണ്ണല്‍ കേന്ദ്രമെന്നു തോന്നിപ്പിക്കുന്ന മുറിക്കുള്ളില്‍ കൊണ്ടുവെക്കുന്നതിന്റെയും മൊബൈല്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബീഹാറിലെ മഹാരാജഞ്ച്, സാരണ്‍ മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളുമായി എത്തിയ വാഹനങ്ങള്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് കയറ്റാനുള്ള ശ്രമം ബി ജെ പി ഇതര കക്ഷികളുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നു തടയുകയുണ്ടായി. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ പോളിംഗ് ബൂത്തിലെ യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഉപയോഗപ്പെടുത്താനുള്ള കരുതല്‍ യന്ത്രങ്ങളാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. വോട്ടിംഗ് പൂര്‍ത്തിയായ ദിവസം കൊണ്ടുവരേണ്ട യന്ത്രങ്ങള്‍ തിരിച്ചു കൊണ്ടുവരാന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്കു മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനങ്ങളും ആളുകളും വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വോട്ടെടുപ്പ് കഴിയുന്ന ദിവസം തന്നെ വോട്ടിംഗ് യന്ത്രങ്ങളും റിസര്‍വ് ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളും സ്‌ട്രോംഗ് റൂമില്‍ പ്രത്യേകമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ എത്തിച്ചിരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് നിയമത്തില്‍ പറയുന്നത്. ഇത് പൂര്‍ണമായ സുരക്ഷയോടു കൂടിയുമായിരിക്കണം. എന്നാല്‍ പലയിടത്തും യാതൊരു സുരക്ഷയുമില്ലാതെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയത്.

എക്‌സിറ്റ് പോളുകള്‍ മിക്കതും എന്‍ ഡി എക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും ബി ജെ പി ക്യാമ്പില്‍ ആത്മവിശ്വാസം കുറവാണ്. അഭിപ്രായ വോട്ടെടുപ്പില്‍ ഭരണം പ്രവചിച്ച കക്ഷികള്‍ പുറത്തു നില്‍ക്കേണ്ട സംഭവങ്ങള്‍ രാജ്യത്ത് മുമ്പുണ്ടായിട്ടുണ്ട്. മാത്രമല്ല, സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോളിന്റെതുള്‍പ്പെടെയുള്ള ചില എക്‌സിറ്റ് പോളുകളുടെ പ്രവചനം എന്‍ ഡി എക്ക് കഴിഞ്ഞ തവണത്തേതിന്റെ പകുതി സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ്. ഈ സാഹചര്യത്തില്‍ ജയിക്കാന്‍ അവര്‍ എന്തു ക്രമക്കേടുകളും വളഞ്ഞ വഴിയും സ്വീകരിച്ചു കൂടായ്കയില്ല. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വോട്ടെടുപ്പിന്റെ തലേദിവസം ബലപ്രയോഗത്തിലൂടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ കൈകളില്‍ മഷി പുരട്ടി അവരുടെ വോട്ട് നഷ്ടപ്പെടുത്താന്‍ ശ്രമിച്ച സംഭവമുണ്ടായിട്ടുണ്ട്. സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി പകരം പുതിയ യന്ത്രങ്ങള്‍ കൊണ്ടു വെക്കാനുള്ള നീക്കവും ഇതിന്റെ തുടര്‍ച്ചയായി വേണം കാണാന്‍. പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും വോട്ടിംഗ് യന്ത്രങ്ങളുടെ അനധികൃത കടത്തലില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സംഭവങ്ങള്‍ ഉണ്ടാകരുതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട പ്രണാബ് മുഖര്‍ജി സന്ദേഹങ്ങള്‍ ദൂരീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം കമ്മീഷന്‍ മുമ്പാകെ ചില നിര്‍ദേശങ്ങള്‍ വെക്കുകയുണ്ടായി. വി വി പാറ്റുകള്‍ ആദ്യം എണ്ണണമെന്നാണ് ഒരു നിര്‍ദേശം. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കും. ആദ്യമെണ്ണുന്ന വി വി പാറ്റുകളും വോട്ടിംഗ് യന്ത്രങ്ങളും തമ്മില്‍ വ്യത്യാസം കണ്ടാല്‍ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വി വിപാറ്റുകളും എണ്ണണമെന്നും 21 പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു. ഓരോ മണ്ഡലത്തിലെയും 50 ശതമാനം വി വി പാറ്റുകളെങ്കിലും എണ്ണണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. കമ്മീഷനില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഓരോ മണ്ഡലത്തിലെയും അഞ്ച് വി വി പാറ്റുകള്‍ എണ്ണാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ വി വി പാറ്റുകള്‍ ആദ്യത്തിലാണോ അവസാനമാണോ എണ്ണേണ്ടതെന്നത് സംബന്ധിച്ച് കോടതി ഒന്നും പറയുന്നില്ല. രണ്ടും തമ്മില്‍ വ്യത്യാസപ്പെട്ടാല്‍ എന്തു ചെയ്യണമെന്നും വിധിയിലില്ല. ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് ഒരു മാസം മുമ്പ് പ്രതിപക്ഷം കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും അവഗണിക്കപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും സുതാര്യവും സത്യസന്ധവുമാണെന്ന് ഉറപ്പ് വരുത്താന്‍ കമ്മീഷന്‍ ബാധ്യസ്ഥമാണ്. ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നു കമ്മീഷന്‍ അവകാശപ്പെട്ടാല്‍ പോരാ, പ്രതിപക്ഷത്തിനും വോട്ടര്‍മാര്‍ക്കും അത് ബോധ്യമാകുകയും വേണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം മുന്നോട്ടു വെക്കുന്ന ന്യായമായ ആവശ്യങ്ങള്‍ കമ്മീഷന്‍ പരിഗണിക്കേണ്ടതുണ്ട്. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാട്ടിയത് പോലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എവിടെയെങ്കിലും ക്രമക്കേട് നടന്നതായി സന്ദേഹമുയരുന്നത് ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്.