നോമ്പിന്റെ നിർവൃതി നുകരാൻ ഫിഫ റഫറി മര്‍കസില്‍

Posted on: May 20, 2019 11:05 am | Last updated: May 20, 2019 at 11:05 am
മർകസ് സന്ദർശനത്തിനെത്തിയ ഫിഫ റഫറി മുസ്തഫ ചലാൽ മർകസിൽ നിന്ന് നോമ്പു തുറക്കുന്നു

കോഴിക്കോട്: മർകസിലെ നോമ്പുകാലത്തിന്റെ നിർവൃതി നുകരാൻ പാരീസിലെ അറിയപ്പെട്ട മാരത്തോൺ ഓട്ടക്കാരനും ഫിഫ റഫറിയുമായ മുസ്തഫ ചലാൽ മർകസിലെത്തി. സ്‌പോർട്‌സിനെ ജീവിതത്തോട് ചേർത്തുപിടിക്കുന്ന ഈ കായിക പ്രതിഭ ഈ വർഷത്തെ നോമ്പുകാലം വ്യത്യസ്തമായ ആത്മീയ സാംസ്‌കാരിക അനുഭൂതികളിൽ ചെലവഴിക്കണമെന്ന മോഹത്തോടെയാണ് മർകസിൽ എത്തിയത്. സുഹൃത്തുക്കൾ മുഖേനയാണ് കോഴിക്കോട്ടെ മർകസിനെ കുറിച്ച് അറിഞ്ഞതെന്ന് മുസ്തഫ പറഞ്ഞു.

ഫ്രാൻസിന്റെ പൂർവകോളനിയായിരുന്ന അൾജിരീയയിൽ നിന്ന് പാരീസിലേക്കു കുടിയേറിയ കുടുംബമാണ് മുസ്തഫയുടേത്. 2000 മുതൽ 2015 വരെ ഫിഫയിൽ റഫറിയായിരുന്നു ഇദ്ദേഹം. ഫിഫയുടെ രാജ്യാന്തര ജൂനിയർ മത്സരങ്ങളും മാഞ്ചെസ്റ്റർ യുണൈറ്റഡും ലിവർപൂളും പോലുള്ള യൂറോപ്യൻ ക്ലബ്ബുകളുടെ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഫ്രഞ്ചുകാരനാണെങ്കിലും ലാറ്റിനമേരിക്കൻ ഫുട്‌ബോളാണ് കൂടുതൽ ഇഷ്ടമെന്ന് മുസ്തഫ പറയുന്നു.

ബ്രസീൽ ആണ് പ്രിയപ്പെട്ട ടീം. 2018 ലെ പാരിസ് ഡി മാരത്തോണിൽ ഒന്നാമതെത്തിയത് മുസ്തഫയായിരുന്നു. 2017 ൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന മരത്തോണിലും ഒന്നാം സ്ഥാനമായിരുന്നു. ഖുർആൻ പഠിക്കാനും സമയം കണ്ടെത്തി മുസ്തഫ ഈ വരവിൽ. വിദ്യാഭ്യാസ രംഗത്തും സാമൂഹിക ജീവകാരുണ്യ മേഖലയിലും ഇന്ത്യയിലാകെ സേവനങ്ങൾ ചെയ്യുന്ന സ്ഥാപനത്തിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പലയാവർത്തി പ്രകടിപ്പിച്ചു. മർകസ് ഓർഫനേജിലെ വിദ്യാർഥികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റവും സ്‌നേഹവും മനം നിറച്ചെന്നും മുസ്തഫ പറഞ്ഞു.

33 രാജ്യങ്ങൾ സന്ദർശിച്ച തനിക്ക് ഏറ്റവും മധുരമുള്ള അനുഭവങ്ങളാണ് കേരളം നൽകിയത്. ഇവിടെ വിവിധ മതവിശ്വാസികൾക്കിടയിലെ സ്‌നേഹവും ഒരുമയും അതിശയിപ്പിക്കുന്നു. ഇനിയും ഇങ്ങോട്ട് തീർച്ചയായും വരുമെന്ന് പറഞ്ഞാണ് മുസ്തഫ മടങ്ങിയത്.