Connect with us

Gulf

ജിമ്മി ജോര്‍ജ് വോളിബോള്‍ 21 മുതല്‍ 25 വരെ അബുദാബിയില്‍

Published

|

Last Updated

അബുദാബി: പ്രശസ്ത വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കായിക വിഭാഗം സംഘടിപ്പിക്കുന്ന 23-ാ മത് കെ എസ് സി യു എ ഇ എക്‌സ്‌ചേഞ്ച് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ അന്താരാഷ്ട്ര വോളിബോള്‍ മത്സരം മെയ് 21 മുതല്‍ 25 വരെ അബുദാബി അല്‍ വഹ്ദ എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ്ബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍ എം സി ഹെല്‍ത്‌കെയര്‍, ഖാന്‍ ക്ലബ് ദുബൈ, ബിഗ് മാര്‍ട് ദുബൈ, ഒണ്‍ലി ഫ്രഷ് ദുബൈ, ഓഷ്യന്‍ കിംഗ്, ഫ്രീ ബേര്‍ഡ് മിനി മാര്‍കറ്റ് തുടങ്ങിയ ആറ് ടീമുകള്‍ തമ്മില്‍ ഒമ്പത് മത്സരമാണ് നടക്കുക. യു എ ഇ, ഇന്ത്യ, പാകിസ്ഥാന്‍, സെര്‍ബിയ, റഷ്യ, ക്യൂബ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തര്‍ ദേശീയ താരങ്ങളാണ് വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുക.

യു എ ഇ എക്‌സ്‌ചേഞ്ച് റോളിങ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിക്കുക. അയ്യൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15000 ദിര്‍ഹവും റണ്ണേഴ്സ്അപ്പിന് ലഭിക്കും. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍, ഒഫെന്‍ഡര്‍, ബ്ലോക്കര്‍, സെറ്റര്‍, ലിബറോ, ഭാവി വാഗ്ദാനമായ കളിക്കാരന്‍ എന്നിവര്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. മേയ് 21ന് രാത്രി ഒമ്പതിന് ഫിനാബ്ലര്‍ ഗ്രൂപ്പ് സി ഇ ഒ പ്രമോദ് മങ്ങാട്ട് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. 25നാണ് ഫൈനല്‍ മത്സരം. പ്രവേശനം സൗജന്യമാണ്. ടൂര്‍ണമെന്റിനോടനുബന്ധിച്ച് പ്രശസ്ത വനിതാ വോളിബാള്‍ താരം ജയ്‌സമ്മ മൂത്തേടന് ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള വനിതാ വോളിബാള്‍ ടീം ക്യാപ്റ്റന്‍ ഫാത്തിമ റുക്‌സാനയെ ആദരിക്കുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് സി പ്രസിഡന്റ് എ കെ ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി റജീദ് പട്ടോളി, ടൂര്‍ണമെന്റ് കണ്‍വീനര്‍ സലിം ചിറക്കല്‍, കോ ഡിനേറ്റര്‍ ജോഷി, യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ കെ മൊയ്തീന്‍ കോയ, കമ്യൂണിറ്റി ഔട്ട്‌റീച്ച് മാനേജര്‍ വിനോദ് നമ്പ്യര്‍ എന്നിവര്‍ പങ്കെടുത്തു.

Latest