Connect with us

Kerala

സംസ്ഥാനത്ത് വോട്ടെണ്ണല്‍ 23ന് രാവിലെ എട്ടു മുതല്‍; ഉച്ചക്ക് ഒന്നോടെ ഫലമറിയാം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏപ്രില്‍ 23ന് രാവിലെ എട്ടു മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഉച്ചക്ക് ഒരുമണിയോടെ തന്നെ ഭൂരിഭാഗം ഫലങ്ങളും അറിയാനാകും. എന്നാല്‍, വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണേണ്ടതിനാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് രാത്രി വൈകും വരെ കാത്തിരിക്കേണ്ടി വരും. 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യ സൂചനകള്‍ രാവിലെ ഒമ്പതോടെ തന്നെ അറിയാനാകും.

ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഏതൊക്കെ ബൂത്തുകളിലേതാണ് എണ്ണേണ്ടതെന്ന് റിട്ടേണിംഗ് ഓഫീസര്‍ നറുക്കെടുത്ത് തീരുമാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിവിപാറ്റ് മെഷീനുകളിലെയും സ്ലിപ്പുകള്‍ ഒരേസമയം എണ്ണില്ല. ഒന്നിനു പിറകെ ഒന്ന് എന്ന ക്രമമാണ് സ്വീകരിക്കുക. കനം കുറഞ്ഞ കടലാസായതിനാല്‍ എണ്ണം തെറ്റാനുള്ള സാധ്യത കണക്കിലെടുത്ത് സ്ലിപ്പുകള്‍ മൂന്നു തവണ എണ്ണും. വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം വന്നാല്‍ വിവിപാറ്റുകളുടെ ഫലമാണ് പരിഗണിക്കുക.

തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ 23ന് രാവിലെ എട്ടുവരെ ലഭിക്കുന്നവയാണ് പരിഗണിക്കുക. തപാല്‍ വോട്ടിനെക്കാള്‍ കുറവ് ഭൂരിപക്ഷമാണ് സ്ഥാനാര്‍ഥിക്കു ലഭിക്കുന്നതെങ്കില്‍ തപാല്‍ വോട്ടുകള്‍ വീണ്ടും എണ്ണും.

ഫലമറിയാന്‍ വിപുലമായ സംവിധാനം
തിരഞ്ഞെടുപ്പു കമ്മീഷന്റെ സൈറ്റായ സുവിധ, എന്‍ ഐ സിയുടെ ട്രെന്‍ഡ് സൈറ്റ് എന്നിവയിലൂടെ അപ്പപ്പോള്‍ ഫലമറിയാം. ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും അപ്‌ലോഡിംഗ് ഉണ്ടാകും.