Connect with us

National

ബി ജെ പിക്കു കടിഞ്ഞാണിടണം, നിഷ്പക്ഷ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തണം; കമ്മീഷന് കത്തു നല്‍കി മമത

Published

|

Last Updated

കൊല്‍ക്കത്ത: കേന്ദ്ര ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും ഇടപെടലില്ലാതെ പശ്ചിമ ബംഗാളില്‍ സ്വതന്ത്രവും സുതാര്യവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന് മമതയുടെ കത്ത്. രാജ്യത്തിന്റെ ജനാധിപത്യ, ഫെഡറല്‍ സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നുണ്ടെന്ന്‌
ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറക്ക് എഴുതിയ കത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ബി ജെ പിയുടെ ഇടപെടലില്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും പക്ഷപാതപരവുമായ നിരവധി കാര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് സംസ്ഥാനത്ത് സംഘര്‍ഷത്തിന് ഇടയാക്കുന്നതിനു പുറമെ സംസ്ഥാന ഭരണകൂടവും അതിന്റെ ഉദ്യോഗസ്ഥന്മാരും പൊതു ജനവുമെല്ലാം അവഹേളിക്കപ്പെടുന്നതിനും ആക്രമണത്തിന് വിധേയരാകുന്നതിനും കാരണമാകുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശനിയാഴ്ചയാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചും ഇടപെടല്‍ ആവശ്യപ്പെട്ടും മമത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പശ്ചിമ ബംഗാളിലെ ഒമ്പതു മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും മമതയും തമ്മില്‍ രൂക്ഷമായ വാക് പോരാണ് അരങ്ങേറിയത്. കഴിഞ്ഞ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് ബി ജെ പി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക സംഘര്‍ഷങ്ങളും നടന്നു.