കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീ പോളിംഗിന് സാധ്യത

Posted on: May 16, 2019 10:32 am | Last updated: May 16, 2019 at 12:47 pm

തിരുവനന്തപുരം: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് സാധ്യത. കല്ല്യാശ്ശേരി പില്ലാത്തറ യു പി സ്‌കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69, 70 നമ്പര്‍ ബൂത്തുകള്‍, പയ്യന്നൂരിലെ പുതിയറയിലെ 48-ാം നമ്പര്‍ ബൂത്തുകളിലാണ് റീ പോളിംഗ് സ,ാധ്യത. ഈ നാല് ബൂത്തുകളും കണ്ണൂര്‍ ജില്ലയിലാണെങ്കിലും കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡല പരിധിയിലാണ് ഉള്‍പ്പെടുക. റീ പോളിംഗ് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉച്ചയോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയതായാണ് വിവരം. രാജ്യത്ത് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 19ന് തന്നെ റീ പോളിംഗ് നടത്താനാണ് സാധ്യത.

കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സി പി എമ്മുകാരുമാണ്.