ആതുര സേവനത്തിന്റെ റമസാൻ പുണ്യവുമായി വീണ്ടും ‘സഹായി’

Posted on: May 15, 2019 5:46 pm | Last updated: May 15, 2019 at 5:46 pm

 

സഹായിയിൽ ഇഫ്താർ പാർസൽ വാങ്ങാനെത്തിയവരുടെ തിരക്ക്

കോഴിക്കോട്: വൈകുന്നേരം അഞ്ച് മണിയാകുമ്പോഴേക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് സമീപത്തുള്ള സഹായി വാദിസലാം ഓഫീസിന്റെ പരിസരം ജനനിബിഡമാകും. റമസാൻ മാസമായാൽ രാത്രി ഒമ്പത് മണി വരെയുള്ള പതിവ് കാഴ്ചയാണിത്. ആശുപത്രികളിൽ രോഗികളുടെ അടുത്ത് നിന്ന് തീരെ ഒഴിവാകാൻ കഴിയാത്തവർക്കും സ്ത്രീകൾക്കുമുള്ള നോമ്പുതുറ ഭക്ഷണം പാർസലായി കൊടുക്കുന്നതിന്റെ തിരക്കാണ് ഓരോ ദിവസവും വൈകുന്നേരമിവിടെ.

അത് കഴിയുമ്പോഴേക്കും നോമ്പ് തുറക്കാനെത്തുന്നവർ സഹായിയോടനുബന്ധിച്ച മസ്ജിദിൽ നിരനിരയായി ഇരുന്നിട്ടുണ്ടാകും. ബാങ്കിന് തൊട്ടുമുമ്പ് ഇമാം അബ്ദുസ്സലാം സഅദി ഭംഗിയായി ദിക്ർ ഉരുവിട്ട് കൊടുക്കുന്നു. മഗ്‌രിബിന്റെ ബാങ്കൊലി മുഴങ്ങുന്നതോടെ
ഈത്തപ്പഴവും വെള്ളവും ഫ്രൂട്ട്‌സുമടങ്ങിയ ലഘു രീതിയിലുള്ള നോമ്പുതുറ, പിന്നെ നിസ്‌കാരം. അതിന് ശേഷം നോമ്പ് തുറക്കാനെത്തിയവർ വരിവരിയായി സഹായി ഓഡിറ്റോറിയത്തിലേക്ക്. ഓരോ ദിവസവും വ്യത്യസ്ത രീതിയിലായുള്ള വിഭവമൂറുന്ന ഭക്ഷണം.

ദിവസം 1,200 ഓളം പേർക്കുള്ള നോമ്പുതുറയും 500 പേർക്കുള്ള അത്താഴവുമാണ് സഹായി ഒരുക്കിക്കൊണ്ടിരിക്കുന്നത്. നീണ്ട 14 വർഷത്തെ പഴക്കമുണ്ട് ഈ സദുദ്യമത്തിന്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ആദ്യമായി വളണ്ടിയർ സേവനം ആരംഭിച്ചതും പാവപ്പെട്ട രോഗികളേയും കൂട്ടിരിപ്പുകാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള നോമ്പ് തുറയൊരുക്കിയതും സഹായി തന്നെ.

നോമ്പ് തുറക്കാനെത്തുന്ന അതിഥികൾക്ക് ജീരകക്കഞ്ഞി കൂടി വിതരണം ചെയ്തുകൊണ്ട് സഹായി ഇത്തവണ ഈ ഉദ്യമത്തിന് പുതുമ സമ്മാനിച്ചിരിക്കുകയാണ്. നോമ്പ് തുറക്കും അത്താഴത്തിനുമെത്തുന്നവരിൽ രോഗികളുടെ പരിചാരകർക്ക് പുറമെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, യാത്രക്കാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുമുണ്ട്. മെഡിക്കൽ കോളജിലെ 160ഓളം വിദ്യാർഥിനികൾക്ക് അത്താഴത്തിനും നോമ്പുതുറക്കുമായി സഹായി പ്രത്യേകം തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്.
ദിവസവും 1,700 ഓളം പേർക്ക് ഭക്ഷണമൊരുക്കലും അത് വിതരണം ചെയ്യലും ഏറെ സാഹസം തന്നെയാണെന്നത് തീർച്ച. ഈ ഉദ്യമത്തിന് പിന്നിൽ എണ്ണയിട്ട യന്ത്രങ്ങളെപോലെ പ്രവർത്തിക്കുന്ന വളണ്ടിയർ സംവിധാനമുണ്ടെന്നതാണ് ഈ സേവനത്തെ കുറ്റമറ്റതാക്കുന്നത്. നൂറ് പേരടങ്ങിയ വളണ്ടിയർ കോറമാണ് സഹായിയുടെ ഇഫ്താർ സംഗമത്തിനുള്ളത്. മാറിമാറി 25 പേരടങ്ങിയ സംഘം എല്ലാ ദിവസവും പ്രവർത്തനനിരതരായിരിക്കും. അടുക്കളയിൽ പാകമാകുന്ന ഭക്ഷണം വിതരണ കൗണ്ടറുകളിലേക്കെത്തിക്കുന്നത് മുതൽ 1,200 ഓളം പേർക്ക് പാർസലായും പള്ളിയിൽ വെച്ചും ഭക്ഷണം വിളമ്പി നൽകുന്നതിൽ വ്യാപൃതരാണിവർ. ഇത്രയും പേർക്കുള്ള ഭക്ഷണം പാചകം ചെയ്യുകയെന്ന ദൗത്യം കാലങ്ങളായി ഏറ്റെടുത്തിരിക്കുന്നത് സഹായിയുടെ ആവിർഭാവ കാലം മുതൽ തന്നെ വളണ്ടിയറായി പ്രവർത്തിക്കുന്ന ഉമ്മളത്തൂർ സ്വദേശി സുബൈറടങ്ങുന്ന ഒമ്പതംഗ സംഘമാണ്. സുബ്ഹിക്ക് ഉണരുന്ന സഹായിയുടെ പാചകപ്പുര ചുരുങ്ങിയ മണിക്കൂറുകൾ മാത്രമേ ഉറങ്ങാറുള്ളൂവെന്ന് സുബൈർ പറയുന്നു.

എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ സാന്ത്വന സംരംഭമാണ് സഹായി വാദിസലാം. എ പി അബ്ദുൽ ഹകീം അസ്ഹരി ചെയർമാനും നാസർ ചെറുവാടി ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
മാസത്തിൽ 180 ഓളം പേർക്ക് ഡയാലിസിസ് സൗകര്യമുള്ള പൂനൂരിലെ ഡയാലിസിസ് സെന്റർ, 364 ദിവസവും സൗജന്യഭക്ഷണം, സൗജന്യ മെഡിക്കൽ സ്റ്റോർ, ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്റർ തുടങ്ങി കോഴിക്കോട് മെഡിക്കൽ കോളജിൽ ആതുര സേവന രംഗത്ത് 25 വർഷത്തിന്റെ നിറവിലാണ് ഈ സ്ഥാപനം.