Connect with us

Palakkad

വേനൽച്ചൂടിന്റെ തീവ്രത കുറഞ്ഞിട്ടും സൂര്യാതപത്തിന് കുറവില്ല

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂടിന്റെ തീവ്രത കുറഞ്ഞിട്ടും സൂര്യാതപമേൽക്കുന്നവരുടെ എണ്ണം കുറയുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് അഞ്ഞൂറിലേറെ പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഈ മാസം ഒന്പത് വരെയുള്ള കണക്കാണിത്.
ഏപ്രിൽ അവസാന വാരം ഫോനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും കാര്യമായ മഴ ഉണ്ടായില്ല. ഇതും സൂര്യാതപമേൽക്കുന്നവരുടെ എണ്ണം കൂടാൻ കാരണമായി.

കനത്ത ചൂടേറ്റ് ശരീരഭാഗങ്ങളിൽ ചുവന്ന തടിപ്പ് ഉണ്ടാകുന്നതിനെ ഹീറ്റ് റാഷ് എന്നുപറയുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ 400 പേർക്ക് ഹീറ്റ് റാഷ് റിപ്പോർട്ട് ചെയ്തതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കനത്ത വെയിലേറ്റ് ശരീരഭാഗങ്ങളിൽ പൊള്ളലേൽക്കുന്നതാണ് സൂര്യാതപം. ഹീറ്റ് റാഷിനേക്കാൾ സൂര്യാതപമേറ്റവരാണ് കൂടുതൽ. 500 പേർ. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കുകളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇതേ തുടർന്ന് ശരീരത്തിന്റെ പല നിർണായകമായ പ്രവർത്തനങ്ങളും തകരാറിലായേക്കാം.

ഈ അവസ്ഥയെയാണ് സൂര്യാഘാതം അല്ലെങ്കിൽ സൺ സ്‌ട്രോക്ക് എന്നുപറയുന്നത്. കേരളത്തിൽ സാധാരണയായി ഇത്തരമൊരവസ്ഥ ഉണ്ടാകാറില്ലെങ്കിലും കഴിഞ്ഞ മാസം 14 പേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. ഇതിനുമുമ്പുള്ള മാസങ്ങളിൽ സൂര്യാഘാതമേറ്റുള്ള മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തവണ മാർച്ച് മുതൽ തന്നെവെയിലത്തിറങ്ങുമ്പോൾ സൂര്യാതപമേൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തി ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിരുന്നു. തുടർന്ന്, തൊഴിൽ സമയം ക്രമീകരിക്കുകയും ചെയ്തു. എന്നിട്ടും സൂര്യാതപമേറ്റവരുടെ എണ്ണം ഇത്തവണ വൻതോതിൽ വർധിക്കുകയായിരുന്നു. ഇതിന് പുറമെ ത്വക്ക് രോഗം ബാധിച്ചും നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടുന്നതായും ആരോഗ്യ വകുപ്പ് പറയുന്നു.

Latest