സർക്കാർ ചെലവിൽ മരം നടാം; പദ്ധതിക്ക് ഉപഭോക്താക്കളില്ല

Posted on: May 13, 2019 9:00 am | Last updated: May 13, 2019 at 2:03 pm


കൊച്ചി: സ്വകാര്യ ഭൂമിയിലെ ശോഷിച്ചു വരുന്ന തടിയുത്പാദനം വർധിപ്പിക്കുന്നതിനും സർവ സാധാരണമായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി വനം വകുപ്പിന്റെ ധനസഹായത്തോടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഉപഭോക്താക്കളില്ല.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും വിരലിലെണ്ണാവുന്നവർ മാത്രമാണ് പ്രോത്സാഹന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകൾ അയക്കുന്നത്. പേരിന് ഒരു അറിയിപ്പ് പുറത്തിറക്കുന്നതല്ലാതെ ഇത് സംബന്ധിച്ച് ബോധവത്കരണം നടത്താനോ പദ്ധതി കൂടുതൽ വിപുലപ്പെടുത്താനോ വനം വകുപ്പുദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് മരങ്ങളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് 2013ൽ ഇത്തരത്തിലൊരു പദ്ധതിക്ക് വനം വകുപ്പ് രൂപം നൽകിയത്. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, റോസ്‌വുഡ്, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നിങ്ങനെ പത്തിനം വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിനാണ് പദ്ധതി.

തൈകളുടെ എണ്ണമനുസരിച്ച് 50 മുതൽ 200 വരെയുള്ള തൈകൾക്ക് ഒന്നിന് 50 രൂപയും 201 മുതൽ 400 വരെ തൈകൾക്ക് തൈ ഒന്നിന് 40 രൂപാനിരക്കിലും (പ്രോത്സാഹന ധനസഹായം കുറഞ്ഞത് 10,000 രൂപയും) 401 മുതൽ 625 വരെയുളള തൈകൾക്ക് തൈ ഒന്നിന് 30 രൂപാ നിരക്കിലും കുറഞ്ഞത് പ്രോത്സാഹന ധനസഹായം 16,000 രൂപവരെയും നൽകും.

ഒരു വർഷം മുതൽ രണ്ട് വർഷം വരെ പ്രായമായ തൈകൾക്കാണ് പ്രോത്സാഹന സഹായം നൽകുക. ധനസഹായത്തിന്റെ അമ്പത് ശതമാനം ആദ്യവർഷവും ബാക്കി രണ്ടാം ഗഡുവായി മൂന്നാം വർഷവുമാണ് നൽകുക. അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ ബന്ധപ്പെട്ട സോഷ്യൽ ഫോറസ്ട്രി വിഭാഗം റെയിഞ്ചാഫീസർ സ്ഥലപരിശോധന നടത്തി പരിശോധനാ റിപ്പോർട്ടും അപേക്ഷയും ജനപ്രതിനിധികൾ ഉൾപ്പെടുന്ന പഞ്ചായത്ത് തല കമ്മിറ്റിയുടെ വിലയിരുത്തലിന് വിടും. ശേഷം ശിപാർശകളോടെ ഇത് ജില്ലാതല കമ്മിറ്റിക്ക് നൽകുകയും സോഷ്യൽഫോറസ്ര്ടി വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ കൺവീനറായുള്ള ജില്ലാതല കമ്മിറ്റി അത് പരിഗണിക്കും. പിന്നീട് ധനസഹായം തീരുമാനിച്ച് ചെക്കായി അപേക്ഷകന് നൽകുകയാണ് ചെയ്യുക. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനൊപ്പം നിലവിലുള്ള വിളകളുടെ വിലയിൽ ഇടക്കിടെയുണ്ടാകുന്ന വ്യതിയാനങ്ങളെ വൃക്ഷം വളർത്തൽ മുഖേന ചെറുക്കുന്നതിന് കർഷകരെ സഹായിക്കുക,വൃക്ഷം വളർത്തലിനെ മറ്റൊരു കാർഷിക വൃത്തിയാക്കുവാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക ആവാസവ്യവസ്ഥാസേവനങ്ങൾ വർധിച്ച അളവിൽ ജനങ്ങൾക്ക് ലഭ്യമാക്കുക, ആഗോള താപനത്തെ ചെറുക്കുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം പദ്ധതിയുടെ പ്രധാന ലക്ഷ്യമായി കണക്കാക്കിയിരുന്നു. പദ്ധതി തുടങ്ങിയ ആദ്യ രണ്ട് സാമ്പത്തിക വർഷം 14 മുതൽ 17 ലക്ഷം വരെ ഈ ഇനത്തിൽ വിതരണം ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ പദ്ധതി തീർത്തും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് മാറി. ചില ജില്ലകളിൽ ഇതിന് ഉപഭോക്താക്കൾ തീരെ ഇല്ലാത്ത അവസ്ഥയിലാകുകയും ചെയ്തു. ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയിട്ടും ഇടുക്കിയിൽ കഴിഞ്ഞ വർഷം 15 അപേക്ഷകൾ മാത്രമാണ് വന്നത്. കോഴിക്കോട് പോലുള്ള ചില ജില്ലകളിൽ വിരലിലെണ്ണാവുന്ന അപേക്ഷകർ മാത്രമാണ് ധനസഹായത്തിനായെത്തിയത്. പാലക്കാട് പോലുള്ള ഒന്നോ രണ്ടോ ജില്ലകളിൽ മാത്രമാണ് 100 ൽ താഴെ അപേക്ഷകരെത്തിയിരുന്നത്. ഉദ്യോഗസ്ഥരിൽ ചിലരുടെ താത്പര്യക്കുറവാണ് പദ്ധതി ഇഴയുന്നതിന് കാരണമാകുന്നതെന്നും പരാതിയുണ്ട്.