Connect with us

National

ബംഗാളില്‍ ആരും 'ജയ് ശ്രീറാം' വിളിക്കേണ്ടതില്ല: മോദിക്ക് ചുട്ട മറുപടിയുമായി മമത

Published

|

Last Updated

ബിഷ്ന്‍പൂര്‍ (പശ്ചിമ ബംഗാള്‍): “ജയ് ശ്രീറാം” എന്ന ബി ജെ പിയുടെ മുദ്രാവാക്യം പശ്ചിമ ബംഗാളില്‍ ആരും മുഴക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. “തങ്ങളുടെ മുദ്രാവാക്യം എല്ലാവരും വിളിക്കുന്നതിന് സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുകയാണ് ബി ജെ പി. ബംഗാളില്‍ ജയ് ശ്രീറാം എന്നു വിളിക്കാന്‍ ജനങ്ങളെ അനുവദിക്കുന്നില്ലെന്നും പൊതു സ്ഥലങ്ങളില്‍ അങ്ങനെ ഉച്ചരിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരിക്കുകയാണെന്നും സംസ്ഥാനത്തെ ജര്‍ഗ്്‌റാം, തംലൂക്ക് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പു റാലികളില്‍ പ്രസംഗിക്കവെ പ്രധാന മന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

“ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഏജന്റാണോ രാമചന്ദ്രന്‍? കാവി പാര്‍ട്ടി ഉദ്ദേശിക്കുന്ന തരത്തിലേക്ക് ബംഗാളിന്റെ സംസ്‌കാരത്തെ മാറ്റിത്തീര്‍ക്കാനാകില്ല. നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും ആവശ്യത്തിനനുസരിച്ച് കീര്‍ത്തനം ചൊല്ലാന്‍ ആരിലും സമ്മര്‍ദം ചെലുത്താനാകില്ല.”- സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പു റാലികളില്‍ പ്രസംഗിക്കവെ മമത പറഞ്ഞു.

ബംഗാളിന്റെ മുദ്രാവാക്യം ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയ് ഹിന്ദുമാണ്. അഴിമതി കൊണ്ട് ദുഷിച്ച മോദിയുടെയും ബി ജെ പിയുടെയും പേരു ഉച്ചരിക്കാന്‍ തന്നെ താന്‍ ആഗ്രഹിക്കുന്നില്ല- ബംഗാള്‍ മുഖ്യമന്ത്രി തുടര്‍ന്നു.