Connect with us

Eranakulam

ട്രഷറിബിൽ പാസായില്ല റേഷൻ വ്യാപാരികൾക്ക് രണ്ട് മാസമായി കമ്മീഷനില്ല

Published

|

Last Updated

കൊച്ചി: ട്രഷറികൾ ബിൽ പാസാക്കാത്തതുമൂലം റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ മുടങ്ങി. കഴിഞ്ഞ പ്രളയകാലത്ത് സൗജന്യ റേഷൻ വിതരണം ചെയ്ത കൈകാര്യ ചെലവുകളും മാർച്ച് – ഏപ്രിൽ മാസങ്ങളിലെ കമ്മീഷനും ലഭ്യമാക്കുന്നതിന് സപ്ലൈ ഓഫീസുകൾ നടപടി സ്വീകരിച്ചെങ്കിലും ചിറ്റമ്മനയം മൂലം ട്രഷറികൾ ബിൽ പാസാക്കി നൽകാത്തതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്.

പ്രളയകാലത്ത് വെള്ളം കയറിയ റേഷൻ കടകളിലെ ഭക്ഷ്യ ധാന്യങ്ങൾ നഷ്ടപ്പെടാതെ മാറ്റി സുരക്ഷിതമായി സൂക്ഷിച്ചതിന് വന്നിട്ടുള്ള ചെലവുകൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. കടവാടക, വൈദ്യുതി ചാർജ്, സെയിൽസ്മാൻ വേതനം എന്നിവ നൽകുന്നതിനും സ്വന്തം കുടുംബാവശ്യങ്ങൾ നിറവേറ്റുന്നതിനും റേഷൻ വ്യാപാരികളിൽ പലർക്കും സാധിക്കുന്നില്ല. ഇവ ഉടനടി ലഭ്യമാക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭക്ഷ്യധാന്യങ്ങളുടെ വില സിവിൽ സപ്ലൈസ് കോർപറേഷന്റെ അക്കൗണ്ടിൽ അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് വ്യാപാരികൾ പറയുന്നു.

അതിനിടെ, ഗോഡൗണുകളിൽ നിന്നെത്തിക്കുന്ന അരിയുൾപ്പെടെയുള്ള റേഷൻ സാധനങ്ങളുടെ തൂക്കത്തിൽ വലിയ കുറവ് സംഭവിക്കുന്നതും ഇവർക്ക് ഇരുട്ടടിയായിമാറിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയ മപ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള, ഫുഡ് കോർപറേഷന്റെ ഗോഡൗണുകളിൽ നിന്നും എത്തിക്കുന്ന അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻ കടക്ക് മുന്നിൽ വെച്ച് കടയിലേക്ക് തൂക്കിയാണ് ഇപ്പോൾ ഇറക്കുന്നത്.

എന്നാൽ ഇങ്ങനെ തൂക്കി നൽകുമ്പോഴും ഒരു ക്വിന്റൽ അരിയിൽ അഞ്ചോ ആറോ കിലോ കുറവുണ്ടാകുന്നുണ്ട്. എന്നാൽ വില നൽകേണ്ടത് ഒരു ക്വിന്റൽ അരിയുടേത് തന്നെയാണ്. ഇക്കാര്യം ഗോഡൗണിൽ അറിയിച്ചാൽ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു .ഇതുമൂലം റേഷൻ ഷോപ്പ് ഉടമകൾക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ ബന്ധപ്പെട്ടവർ തയ്യാറകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.