Connect with us

Kerala

ഹജ്ജ് യാത്ര ജൂലൈ ആറ് മുതൽ

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്ര ജൂലൈ ആറിനാരംഭിച്ചേക്കും. ഇതുസംബന്ധമായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്ന് സൂചന ലഭിച്ചു. നേരത്തെ ജൂലൈ നാല് മുതൽ യാത്രക്ക് തുടക്കമാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അന്തിമ തീരുമാനം ഈ ആഴ്ചക്കുള്ളിൽ അറിയാനാകും.

ഈ മാസം രണ്ട് വരെ 13,194 പേർക്ക് ഹജ്ജിന് അവസരമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകൾ വിഹിതം വെക്കുമ്പോൾ കേരളത്തിന് ഇനിയും സീറ്റ് ലഭിക്കും. 70 വയസ് കാറ്റഗറിയിൽ 1,199 പേർക്കും മഹ്‌റമില്ലാത്ത 45 വയസിന് മുകളിലുള്ള സ്ത്രീ വിഭാഗത്തിൽ 2,011 പേർക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നൽകിയിട്ടുണ്ട്. ഈ വർഷം രണ്ട് വയസിനു താഴെയുള്ള 12 കുട്ടികളും തങ്ങളുടെ രക്ഷിതാക്കൾക്കൊപ്പം ഹജ്ജിന് പുറപ്പെടുന്നുണ്ട്.

കരിപ്പൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നായി 40 ചാർട്ടർ വിമാനങ്ങളാണ് ഈ വർഷം ഹാജിമാരെയും വഹിച്ച് പുറപ്പെടുന്നത്. കരിപ്പൂരിൽ നിന്ന് 32 വിമാനങ്ങളും കൊച്ചിയിൽ നിന്ന് എട്ട് വിമാനങ്ങളുമാണ് സർവീസ് നടത്തുന്നത്. 330 ഹാജിമാർ വീതമായിരിക്കും ഓരോ വിമാനത്തിലും യാത്ര പുറപ്പെടുക. കരിപ്പൂരിൽ നിന്ന് ജൂലൈ ആറ് മുതൽ 22 വരെയും കൊച്ചിയിൽ നിന്ന് ജൂലൈ 14 മുതൽ 17 വരെയുമായിരിക്കും ഹജ്ജ് യാത്ര. കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതിന് 2,730 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കരിപ്പൂരിൽ നിന്ന് സഊദി എയർലൈൻസും കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുമാണ് യാത്രാ കരാറിലൊപ്പിട്ടത്. കൊച്ചിയിൽ നിന്ന് ദിനംപ്രതി ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ഒരു വിമാനവും നാല് മണിക്ക് രണ്ട് വിമാനവും സർവീസ് നടത്തും.

അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഇന്നലെ ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്നു.ഹജ്ജ് യാത്രാ ഒരുക്കങ്ങൾ വിലയിരുത്തി. കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് ടെർമിനൽ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി എയർപോർട്ട് അതോറിറ്റി, എയർലൈൻസ്, കസ്റ്റംസ്, എമിഗ്രേഷൻ, സി ഐ എസ് എഫ്, ഫയർ സർവീസ് തുടങ്ങി വിവിധ ഏജൻസി തലവൻമാരുടെ യോഗം ചൊവ്വാഴ്ച 2.30ന് കരിപ്പൂരിൽ ചേരുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ വിലയിത്തുന്നതിന് കഴിഞ്ഞ 29 ന് വിവിധ ഏജൻസികളുടെ യോഗം ചേർന്നിരുന്നു. ഹജ്ജ് ഹൗസിനോട് ചേർന്നുള്ള വനിതാ ബ്ലോക്ക് നിർമാണം ഉടൻ ആരംഭിക്കുന്നതിനും ഹജ്ജ് ഹൗസ് അറ്റകുറ്റ പ്പണികൾ നടത്തുന്നതിനും തീരുമാനമായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ: മഖ്‌സൂദ് അഹ്‌മദ് ഖാൻ, ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ കൂടിയായ കലക്ടർ അമിത് മീണ, സി മുഹ്‌സിൻ എം എൽ എ, അംഗങ്ങളായ കെ എം ഖാസിം കോയ, ഡോ:ബഹാഉദ്ദീൻ നദ്‌വി, കടക്കൽ അബ്ദുൽ അസീസ് മൗലവി, എച്ച് മുസമ്മിൽ ഹാജി, മുസ്‌ലിയാർ സജീർ, പി കെ അഹമ്മദ്, പി അബ്ദുർറഹ്‌മാൻ, അനസ് ഹാജി സംബന്ധിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു.

ഹാജിമാർക്കുള്ള രണ്ടാം ഘട്ട പരിശീലന ക്യാമ്പിന്റെ സമാപനം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ: മഖ്‌സൂദ് അഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ ഒന്പത് ആരംഭിച്ച രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മണ്ഡലങ്ങൾ / ഏരിയ കേന്ദ്രീകരിച്ചാണ് നടന്നത്. കോ-ഓഡിനേറ്റർ പി കെ ഹസൈൻ നേതൃത്വം നൽകി. മാസ്റ്റർ ട്രെയിനർമാരായ എൻ പി സൈനുദ്ദീൻ, മുജീബ്,ജില്ലാ ട്രെയിനർ പി പി എം മുസ്തഫ സംസാരിച്ചു.

അതേസമയം, ഈ വർഷം ഹാജിമാരുടെ യാത്ര നേരിട്ട് മദീനയിലേക്കായതിനാൽ ഇഹ്‌റാമിലായി പുറപ്പെടേണ്ടതില്ല. മദീനയിലേക്കുള്ള യാത്ര ഹാജിമാർക്ക് കൂടുതൽ പ്രയോജനകരമാവും. മദീനയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനാകുന്നതിനു പുറമെ ഹജ്ജ് കഴിഞ്ഞ് വേഗം തിരിച്ചെത്താനുമാകും. പ്രവാസികൾക്കും ഹജ്ജ് കഴിഞ്ഞ് കുറഞ്ഞ ദിവസത്തിനുള്ളിൽ തിരികെ ജോലിയിൽ പ്രവേശിക്കാനാകും. എട്ട് ദിവസത്തെ മദീനാ താമസത്തിന് ശേഷമായിരിക്കും ഹാജിമാർ മക്കയിലേക്ക് മടങ്ങുക.

Latest