Connect with us

National

ആഞ്ഞടിച്ച് ഫോനി; ഒഡീഷയിലെ പുരിയില്‍ രണ്ടു പേര്‍ മരിച്ചു

Published

|

Last Updated

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്ന് കരയില്‍ ആഞ്ഞടിച്ചു. ചുഴലിക്കാറ്റില്‍ ഒഡീഷയിലെ പുരിയില്‍ രണ്ടു പേര്‍ മരിച്ചു. ദുരിതാശ്വാസ കേന്ദ്രത്തിലായിരുന്ന ഒരാളും മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങിയ ഒരാളുമാണ് മരിച്ചത്. ഹൃദയാഘാതമാണ് ദുരിതാശ്വാസ കേന്ദ്രത്തിലായിരുന്നയാളുടെ മരണ കാരണം. മരം കടപുഴകി ദേഹത്തു പതിച്ചാണ് രണ്ടാമത്തെയാളുടെ മരണം.

മണിക്കൂറില്‍ 200 കിലോമീറ്ററോളം വേഗതയിലാണ് കാറ്റു വീശുന്നത്. രാവിലെ എട്ടു മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. അപായ ഭീഷണിയെ അഭിമുഖീകരിക്കുന്ന 11 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി ഒഡീഷ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

900ത്തോളം അഭയ കേന്ദ്രങ്ങളാണ് ഒഡീഷയുടെ പല ഭാഗങ്ങളിലായി സംവിധാനിച്ചിട്ടുള്ളത്. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്ര, ഒഡീഷ മേഖലയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കാറ്റിനെ തുടര്‍ന്ന് ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്. 15 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

പശ്ചിമ ബംഗാളിലെത്തുന്നതോടെ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലേക്കുള്ള അടിയന്തര ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ 1086 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടിയന്തര ഹെല്‍പ് ലൈന്‍ നമ്പര്‍: +91 6742534177. കേന്ദ്ര ആഭ്യന്തര മന്ത്രായത്തിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍: 1938.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ചുഴലിക്കാറ്റ് അനുഭവപ്പെടാനിടയുള്ള വിമാനത്താവളങ്ങള്‍ നേരത്തെ അടച്ചിരുന്നു. കൊല്‍ക്കത്ത-ചെന്നൈ പാതയിലെ 223 ട്രെയിനുകളും റദ്ദാക്കി. തീരക്കടലുകളിലെ എണ്ണക്കിണറുകളില്‍ ജോലി ചെയ്യുന്ന 500 ജീവനക്കാരെ പൊതു മേഖലാ എണ്ണക്കമ്പനിയായ ഒ എന്‍ ജി സി ഒഴിപ്പിച്ചു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് നാവിക സേന, തീരദേശ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയുടെ 78 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.