Connect with us

Ongoing News

ബില്‍കീസ് ബാനുവിന്റെ വിജയം

Published

|

Last Updated

അത്യന്തം ധീരമായ നിയമപോരാട്ടത്തിന്റെ പ്രതീകമായി ബില്‍കീസ് ബാനു മാറിയിരിക്കുന്നു. 17 വര്‍ഷമായി അവര്‍ നിരന്തരമായ നിയമപോരാട്ടം തുടരുകയാണ്. പോരാട്ടവഴിയില്‍ പല തവണ കടന്നുവന്ന ഭീഷണികളും സമ്മര്‍ദങ്ങളും തടസ്സങ്ങളും ഇടപെടലുകളും അവരെ നിരാശാഭരിതയാക്കിയില്ല. ഒടുവില്‍ സുപ്രീം കോടതി ഒരു വിധി കൂടി അവര്‍ക്ക് അനുകൂലമായി വിധിക്കുമ്പോള്‍ ഗുജറാത്ത് സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൈയില്‍ നടന്ന ക്രൂരമായ വംശഹത്യ ഒരിക്കല്‍ കൂടി രാജ്യത്ത് ചര്‍ച്ചയാകുകയാണ്.

2002ലെ ഗുജറാത്ത് വംശഹത്യയിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് ബില്‍കീസ് ബാനു. 14 പേരെ നരാധമന്‍മാര്‍ പച്ചക്ക് കൊല്ലുന്നത് കാണേണ്ടി വന്നു അവര്‍ക്ക്. മൂന്ന് വയസ്സുകാരിയായ മകളെ കല്ലില്‍ തലയടിച്ചു കൊന്നു. 22 തവണ അവര്‍ കൂട്ടബലാത്സംഗത്തിനിരയായി. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അന്ന് അവര്‍. ഒടുവില്‍ തലതല്ലിത്തകര്‍ത്ത് അക്രമികള്‍ പിന്‍വാങ്ങുമ്പോള്‍ അവര്‍ ഉറപ്പിച്ചിരിക്കണം, ബില്‍കീസ് ബാനു ജീവിക്കില്ലെന്ന്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കാന്‍ അവര്‍ അതിജീവിക്കുക തന്നെ ചെയ്തു. ബില്‍കീസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്നുമാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. അവര്‍ അനുഭവിച്ചതിന് പരിഹാരമാകില്ല ഇതൊന്നും. എന്നാല്‍ ഭരണകൂട ഭീകരതയോട് രാജ്യത്തിന്റെ നിയമവ്യവസ്ഥ കണക്ക് ചോദിക്കുന്നു എന്ന അര്‍ഥത്തില്‍ ഈ വിധിയെ കാണുമ്പോള്‍ അത് നിര്‍ണായകമാകുന്നു, സമാധാന സ്‌നേഹികള്‍ക്ക് ആശ്വാസകരമാകുന്നു. നഷ്ടപരിഹാര തുകയില്‍ നല്ലപങ്കും തന്നേപോലെ ആക്രമിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായുള്ള നിധിയാക്കി മാറ്റുമെന്നാണ് ബാനു പ്രഖ്യാപിച്ചിട്ടുള്ളത്. മൂത്ത മകളെ അഭിഭാഷകയാക്കുമെന്നും വികാരത്തള്ളിച്ചയാല്‍ മുറിഞ്ഞു പോകുന്ന വാക്കുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബഞ്ചാണ് ബില്‍കീസ് ബാനുവിന്റെ അപ്പീല്‍ ഹരജി പരിഗണിച്ചത്. “സര്‍ക്കാറിനെതിരെ ഞങ്ങള്‍ ഈ ഉത്തരവില്‍ ഒന്നും പറയുന്നില്ല എന്നത് ഭാഗ്യമായി കരുതിയാല്‍ മതി”യെന്നാണ് വിധി പുറപ്പെടുവിച്ച് കൊണ്ട് ബഞ്ച് പരാമര്‍ശിച്ചത്. ഈ കേസിന്റെയും വംശഹത്യയുടെയും നാള്‍വഴി മനസ്സില്‍ വെച്ചു കൊണ്ട് തന്നെയാണ് ന്യായാധിപന്‍മാര്‍ ഈ വാചകം പറഞ്ഞത്. കുറ്റവാളികളെ സംരക്ഷിക്കാനും കേസ് തേച്ചുമായ്ച്ച് കളയാനും സംസ്ഥാന സര്‍ക്കാറിലെ ഉന്നതര്‍ നടത്തിയ ശ്രമങ്ങള്‍ പരസ്യമായ വസ്തുതയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ പക്ഷപാതം നടത്തി. തെളിവ് നശിപ്പിക്കാന്‍ ഗൂഢശ്രമങ്ങള്‍ അരങ്ങേറി. എല്ലാ നിലയിലുള്ള ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അതില്‍ പങ്കുചേര്‍ന്നു. ഇത്തരക്കാര്‍ക്കെതിരെ തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോഴും അവരെ സംരക്ഷിച്ച് നിര്‍ത്താനാണ് ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചത്. പരമോന്നത നീതിപീഠം ശക്തമായ ഇടപെടല്‍ നടത്തിയത് കൊണ്ട് മാത്രമാണ് ചില നടപടികളെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.

കേസിന്റെ പഴയ താളുകളിലേക്ക് നോക്കുന്ന ഏതൊരാള്‍ക്കും അട്ടിമറിയുടെ നെറികെട്ട അധ്യായങ്ങള്‍ കാണാനാകും. ബലാത്സംഗത്തിനിരയായെന്ന് കാണിച്ച് ബില്‍കീസ് ബാനു നല്‍കിയ പരാതിയില്‍ പോലീസ് ഒരു കൊല്ലക്കാലമാണ് അടയിരുന്നത്. ഒടുവില്‍ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് കാണിച്ച് പോലീസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി ആ ഹരജി തള്ളി. കേസില്‍ അന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതമായി. പക്ഷേ, അപ്പോഴും ഇഴഞ്ഞാണ് നീങ്ങിയത്. അതുകൊണ്ട് തന്നെ ബില്‍കീസ് ബാനു മനുഷ്യാവകാശ കമ്മീഷനെയും സുപ്രീം കോടതിയെയും സമീപിച്ചു. സി ബി ഐ അന്വേഷണമാണ് അവര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതി അത് അംഗീകരിച്ചു. കോടതി വിധിയുടെ വെളിച്ചത്തില്‍ കേസ് സി ബി ഐ അന്വേഷിച്ചു. പ്രതികള്‍ക്ക് കുറ്റപത്രം നല്‍കി. ഭീഷണിയുടെയും അതിക്രമങ്ങളുടെയും നടുവില്‍ മുന്നോട്ടുള്ള പ്രയാണം അസാധ്യമായ ഘട്ടത്തില്‍ ബാനു വീണ്ടും സുപ്രീം കോടതിയിലെത്തി. വിചാരണ മുംബൈയിലേക്ക് മാറ്റിച്ചു. അവിടെ വിചാരണാ കോടതി 20ല്‍ 13 പ്രതികളെ ശിക്ഷിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു.

ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി തീര്‍പ്പായതോടെ വെറുതെ വിട്ടവര്‍ കൂടി കുറ്റക്കാരാണെന്ന് വിധിക്കപ്പെട്ടു. എന്നിട്ടും പോലീസുകാരെ പല ന്യായം പറഞ്ഞ് സംരക്ഷിച്ചു നിര്‍ത്തി. വീണ്ടും ബാനു സുപ്രീം കോടതിയിലെത്തി. നടപടിയെടുത്ത് റിപ്പോര്‍ട്ട് കൈമാറണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് പോലീസുകാര്‍ക്കെതിരെ ചെറുവിരലനക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

ഇന്ത്യയാകെ ഗുജറാത്താക്കി മാറ്റാനാണ് കേന്ദ്ര ഭരണ കക്ഷി ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കുന്നത്. ബില്‍കീസ് ബാനുവിന്റെ അനുഭവം മാത്രം മതിയാകും ഇവര്‍ പറയുന്ന ഗുജറാത്ത് മോഡല്‍ തിരിച്ചറിയാന്‍. മതദ്വേഷം പടര്‍ത്തുകയെന്ന ഒറ്റ ആയുധമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിലും ഈ കക്ഷിയുടെ നേതാക്കള്‍ പ്രയോഗിക്കുന്നത്. ഗുജറാത്ത് വംശഹത്യയും അതിനെതിരായ നിയമനടപടികളെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളും മറക്കാനും പൊറുക്കാനും ഈ രാജ്യത്തിന് ഒരിക്കലും സാധ്യമല്ല. അഥവാ മറക്കാന്‍ ശ്രമിച്ചാലും വംശഹത്യ നടത്തിയവര്‍ തന്നെ വിദ്വേഷ പ്രഖ്യാപനങ്ങളിലൂടെ അത് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും.