ആദ്യഘട്ട സർവേകൾ അപ്രസക്തം; മിക്ക മണ്ഡലങ്ങളിലും ഫോട്ടോഫിനിഷിലേക്ക്

തിരുവനന്തപുരം
Posted on: April 22, 2019 3:00 pm | Last updated: April 22, 2019 at 3:00 pm

നിർണായക തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നേരത്തെ വന്ന സർവേ ഫലങ്ങളെ അപ്രസക്തമാക്കുന്ന കാഴ്ചകളാണ് ഓരോ മണ്ഡലത്തിലും. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളും ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. ആദ്യഘട്ട സർവേകളിൽ യു ഡി എഫിന് അനായാസ വിജയം പ്രഖ്യാപിച്ചിരുന്ന മണ്ഡലങ്ങളിലെല്ലാം അവസാനഘട്ടത്തിൽ ശക്തമായ പോരാട്ടമാണ് പ്രകടമായത്.
ആദ്യഘട്ടത്തിൽ പുറത്തുവന്ന സർവേ ഫലങ്ങളിൽ അഞ്ച് സീറ്റുകളാണ് പരമാവധി ഇടതുപക്ഷത്തിന് പ്രവചിച്ചിരുന്നത്. ഇത് നിലവിലുള്ള ഏഴ് സിറ്റിംഗ് സീറ്റുകളിലെ അഞ്ചെണ്ണം. എന്നാൽ, യു ഡി എഫിന് അനുകൂലമായി പ്രവചിക്കപ്പെട്ടത് 15 സീറ്റുകളും. ആദ്യഘട്ട സർവേയിൽ നിന്ന് വ്യത്യസ്തമായി എൻ ഡി എക്ക് ഒരു സീറ്റും രണ്ടാം ഘട്ട സർവേകൾ പ്രവചിച്ചിരുന്നു. എന്നാൽ, പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് നീങ്ങിയതോടെ സർവേകളെ അപ്രസക്തമാക്കുന്ന രീതിയിലുള്ള പ്രകടനമാണ് കേരളം കണ്ടത്.

ആദ്യഘട്ടത്തിൽ യു ഡി എഫിലെ ശശി തരൂരിനും രണ്ടാംഘട്ടത്തിൽ ബി ജെ പിയുടെ കുമ്മനം രാജശേഖരനുമായിരുന്നു സർവേ ഫലങ്ങൾ മുന്‍തൂക്കം അറിയിച്ചിരുന്നത്. എന്നാൽ, സർവേകളിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽ ഡി എഫ് സ്ഥാനാർഥി സി ദിവാകരൻ മുന്നിലെത്തുന്ന കാഴ്ചയാണ് അവസാനഘട്ടത്തിൽ പ്രകടമായത്. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് വന്ന മൂന്ന് സർവേകളും എൽ ഡി എഫിന്റെ മുന്നേറ്റമാണ് തിരുവനന്തപുരത്ത് പ്രവചിക്കുന്നത്.
തിരുവനന്തപുരത്തെ രണ്ടാമത്തെ മണ്ഡലമായ ആറ്റിങ്ങലിൽ സിറ്റിംഗ് സീറ്റിൽ മത്സരിക്കുന്ന ഇടതുസ്ഥാനാർഥി ഡോ. എ സമ്പത്തിന് വലിയ ഭീഷണിയില്ലെന്നാണ് അവസാന സർവേകളും സൂചിപ്പിക്കുന്നത്. എന്നാൽ, കൊല്ലത്ത് നേരത്തെ മുന്നേറ്റം പ്രവചിച്ച യു ഡി എഫ് സ്ഥാനാർഥി എൻ കെ പ്രേമ ചന്ദ്രനെതിരെ ഉയർന്നുവന്ന സംഘ്പരിവാർ കൂട്ടുകെട്ടും അവസാന ഘട്ടത്തിൽ ഇതു ശരിവെക്കുന്ന പ്രേമ ചന്ദ്രന്റെ തന്നെ പ്രസ്താവനയുമാണ് എൽ ഡി എഫ് സ്ഥാനാർഥി എൻ കെ ബാലഗോപാലന്റെ സാധ്യതകൾ വർധിപ്പിക്കുന്നത്.

മാവേലിക്കരയിൽ യു ഡി എഫിന് മേൽക്കോയ്മ പ്രവചിക്കുന്നുണ്ടെങ്കിലും വോട്ട് വ്യത്യാസം രണ്ട് ശതമാനത്തിൽ താഴെയാണെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി കേരള കോൺഗ്രസ് ബാലകൃഷ്ണ പിള്ള വിഭാഗത്തിന്റെ അഭാവം യു ഡി ഫിന്റെ വോട്ട് ശതമാനത്തിൽ പ്രകടമാകുമെന്നത് യു ഡി എഫ് ക്യാമ്പിന് തിരിച്ചടിയാണ്.

പത്തനംതിട്ടയിൽ ത്രികോണ മത്സരമെന്ന പ്രചാരണമുണ്ടെങ്കിലും മണ്ഡലത്തിൽ ഈ പ്രതീതിയില്ലെന്നാണ് അവസാനഘട്ട സർവേകൾ പറയുന്നത്. ശബരിമല വിഷയം മുഖ്യ ആയുധമാക്കുന്ന ബി ജെ പിക്ക് 25 ശതമാനത്തിലധികം വോട്ട് പിടിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. ഒപ്പം ശബരിമല വിഷയം സ്വാധീനിക്കുന്ന വോട്ടുകൾ ബി ജെ പിയും കോൺഗ്രസും പങ്കിടുന്നതും ഇതിനെതിരായ വോട്ടുകളുടെ അടിയൊഴുക്കും എൽ ഡി എഫിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആലപ്പുഴയിൽ സ്ഥാനാർഥി പ്രഖ്യാപനം മുതൽ നിലനിൽക്കുന്ന ഇടതുമുൻതൂക്കം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സർവേകൾ പറയുന്നത്. കോട്ടയത്ത് യു ഡി എഫിന്റെ മുൻതൂക്കം ജോസഫ് വിഭാഗത്തിന്റെ നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇടുക്കിയിൽ ആദ്യഘട്ടത്തിൽ ഇടതിനെ പിന്തുണച്ച സർവേകൾ അവസാനഘട്ടത്തിൽ ഫോട്ടോഫിനിഷാണ് പ്രവചിക്കുന്നത്.

എറണാകുളത്ത് ആദ്യഘട്ടത്തിൽ യു ഡി എഫിനൊപ്പം നിന്ന സർവേകൾ അവസാനഘട്ടത്തിലെത്തിയപ്പോൾ ഇടതിന് നേരിയ മുൻതൂക്കത്തോടെ ബലാബലം പ്രവചിക്കുന്നുണ്ട്. ചാലക്കുടിയിൽ ഇടത് സാധ്യതകൾ ചൂണ്ടിക്കാട്ടിയ ആദ്യഘട്ട സർവേ ഫലത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് അവസാന നീക്കങ്ങളും. മണ്ഡലത്തിലെ ശക്തരായ യാക്കോബായ വിഭാഗത്തിന്റെ പിന്തുണയും കിഴക്കമ്പലം ട്വന്റി 20യുടെ പിന്തുണയും ഇടതിന്റെ സാധ്യതകൾക്ക് ആക്കം കൂട്ടിയുണ്ട്.
ആലത്തൂരിൽ യു ഡി എഫ് സ്ഥാനാർഥി സൃഷ്ടിച്ച ഓളം വോട്ടാകാനുള്ള സാധ്യത അവസാനഘട്ട സർവേകൾ ശരിവെക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ഉണ്ടാക്കാനായ ഓളം മണ്ഡലത്തെ സ്വാധിനിക്കില്ലെന്നാണ് സർവേകൾ പങ്കുവെക്കുന്നത്.

പാലക്കാട്ട് സർവേകൾ എല്ലാ ഘട്ടത്തിലും എൽ ഡി എഫിന്റെ സാധ്യതകൾ തന്നെയാണ് പ്രവചിക്കുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ സാധ്യതക്ക് മങ്ങലേൽക്കില്ലെങ്കിലും ലീഗിന്റെ മേൽക്കോയ്മയെ വെല്ലുവിളിക്കാൻ ഇടതിന് കഴിഞ്ഞിട്ടുണ്ടെന്ന് സർവേകൾ പ്രവചിക്കുന്നു. പൊന്നാനിയിൽ ആദ്യഘട്ട സർവേകളിൽ നിന്ന് വ്യത്യസ്തമായി ഫോട്ടോഫിനിഷിലേക്കാണ് നീങ്ങുന്നത്. കോഴിക്കോട്ട് എൽ ഡി എഫിന്റെ സാധ്യതകൾ വർധിപ്പിച്ചപ്പോൾ വടകരയിലും കണ്ണൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. കാസർകോട്ട് യു ഡി എഫിന്റെ ഭീഷണി മറികടക്കാൻ എൽ ഡി എഫിന് കഴിയുമെന്ന് തന്നെയാണ് അവസാനഘട്ട വിലയിരുത്തൽ.