Connect with us

Business

ചിപ്പില്ലാത്ത ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകൾ 29നുശേഷം ഉപയോഗശൂന്യം

Published

|

Last Updated

കൊപ്പം: പഴയ മാഗ്‌നറ്റിക് സ്ട്രിപ്പ് എ ടി എം കാർഡുകൾ തന്നെയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധിക്കുക. ചിപ്പില്ലാത്ത എല്ലാ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകളും ഈ മാസം 29ന് ശേഷം ഉപയോഗശൂന്യമാകും. അത്തരം കാർഡുകളെല്ലാം അന്നേ ദിവസം ബ്ലോക്കാകും. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഉപഭോക്താക്കൾക്കും ബേങ്കുകൾ മൊബൈൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ പൊതുമേഖലാ ബേങ്കുകളും സ്വകാര്യ ബേങ്കുകളും ഈ മാസം 29ന് മുന്പ് ഉപഭോക്താക്കളുടെ കാർഡുകൾ പൂർണമായും ചിപ്പ് കാർഡുകൾ ആക്കണമെന്ന നിർദേശം റിസർവ് ബേങ്ക് നേരത്തേ നൽകിയിരുന്നു. ഇതനുസരിച്ച് പലർക്കും പുതിയ ചിപ്പുള്ള കാർഡുകൾ ബേങ്കുകൾ അയച്ചിട്ടുണ്ട്. ഇനിയും പുതിയ കാർഡുകൾ ലഭിക്കാത്തവർ ഉടൻ അടുത്തുള്ള ബേങ്കുമായി ബന്ധപ്പെട്ട് അത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബേങ്ക് അധികൃതർ പറയുന്നു.

എന്നാൽ പുതിയ കാർഡ് ലഭിച്ച പലരും ഇപ്പോഴും പഴയത് തന്നെയാണ് ഉപയോഗിക്കുന്നത്. പുതിയ കാർഡുകൾ കാര്യക്ഷമമാകണമെങ്കിൽ എ ടി എമ്മിൽ ചെന്ന് അക്കൗണ്ടുമായി ബന്ധിപ്പിച്ച് മൊബൈൽ നമ്പറിൽ വരുന്ന ഒ ടി പിയുടെ സഹായത്തോടെ പുതിയ പിൻ നമ്പർ സെറ്റ് ചെയ്യണം. അല്ലാത്ത പക്ഷം കാർഡുകൾ പ്രവർത്തിക്കില്ല. ഈ മാസം 29ഒാടെ പൂർണമായും ചിപ്പ് കാർഡുകളിലേക്ക് മാറുമെന്നാണ് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്. അതിനുശേഷം ചിപ്പ് കാർഡുകൾ ഉപയോഗിച്ച് മാത്രമേ എ ടി എം വഴിയും പി ഒ എസ് മെഷീനുകൾ മുഖേനെയും പണമിടപാട് സാധ്യമാകൂ.

എ ടി എം ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ എം വി ചിപ്പ് കാർഡുകൾ അവതരിപ്പിച്ചിരിക്കുന്നത്. എൻക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനമാണ് ചിപ്പ് കാർഡിലുള്ളത്. അതിനാൽ എ ടി എം ഹാക്ക് ചെയ്യാനും എളുപ്പമല്ല. ബേങ്കുകൾ ചിപ്പ് കാർഡുകൾക്കനുസരിച്ചുള്ള എ ടി എം മെഷീനുകളിലേക്ക് ഉടൻ മാറും. 2018 ഡിസംബർ 31ന് മുന്പ് ചിപ്പ് കാർഡുകളിലേക്ക് മാറണമെന്നായിരുന്നു റിസർവ് ബേങ്ക് നിർദേശം. എന്നാൽ ഇത് നടപ്പാക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ബേങ്കുകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 29 വരെ നീട്ടി നൽകുകയായിരുന്നു.

---- facebook comment plugin here -----

Latest