Connect with us

Sports

'റായുഡുവിന്റെ വിഷമം മനസ്സിലാക്കുന്നു'

Published

|

Last Updated

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം പിടിക്കാതെ പോയ അന്പാട്ടി റായുഡുവിനെ ആശ്വസിപ്പിച്ച് ബി സി സി ഐ. റായുഡുവിന്റെ ത്രീ ഡി കണ്ണട പരാമർശത്തോട് പ്രതികരിച്ചുകൊണ്ടാണ് ക്രിക്കറ്റ് ബോർഡിന്റെ ആശ്വസിപ്പിക്കൽ.

റായുഡുവിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നുവെന്നും ട്വിറ്ററിൽ ബി ബി സി ഐ ഒഫീഷ്യൽ പ്രതികരിച്ചു. ഇപ്പോഴത്തെ നിരാശയും വിഷമവും മറക്കാന്‍ റായുഡുവിന് കുറച്ചു സമയം വേണ്ടിവരും. ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈകളില്‍ ഒരാളാണ് ഇപ്പോള്‍ അദ്ദേഹം. ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ ലോകകപ്പില്‍ കളിക്കാന്‍ റായുഡുവിന് സാധ്യത കൂടുതലാണെന്നും ട്വിറ്റർ വിശദമാക്കുന്നു.

തികച്ചും അപ്രതീക്ഷിതമായാണ് അമ്പാട്ടി റായുഡു ലോകകപ്പ് ടീമിൽ ഇടംപിടിക്കാതെ പോയത്. ലോകകപ്പിന് തൊട്ടുമുമ്പ് കളിച്ച ഏകദിന പരമ്പര ടീമിൽ പോലും റായുഡു ഉണ്ടായിരുന്നു. എന്നാല്‍, ലോകകപ്പ് ടീമിൽ റായുഡുവിനെ ഒഴിവാക്കി ആള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. മത്സര പരിചയം കുറവുള്ള ശങ്കറിനെ ടീമിൽ ഉള്‍പ്പെടുത്തിയത് വിമര്‍ശനങ്ങൾക്ക് വഴിവെച്ചതിനിടെ ബി സി സി ഐ കളിയാക്കുന്ന തരത്തിൽ റായുഡു ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.

ശങ്കറിനെ ടീമിലുൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ ത്രീ ഡൈമെൻഷനൽ മികവ് (ബാറ്റിംഗ്, ബൌളിംഗ്, ഫീൽഡിംഗ്) പരിഗണിച്ചാണെന്ന് മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് പറഞ്ഞിരുന്നു. ഇത് മനസ്സിൽ വെച്ച്, “ലോകകപ്പ് ആസ്വദിക്കാൻ ഞാൻ ത്രീ ഡി കണ്ണടക്ക് ഓർഡർ കൊടുത്തിട്ടേയുള്ളൂ” എന്നായിരുന്നു റായുഡുവിന്റെ ട്രോൾ. റായുഡുവിന്റെ പ്രതികരണത്തെ അത്ര ഗൗവമായി കണ്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ബി സി സി ഐ വ്യക്തമാക്കിയിരുന്നു.

ഐ പി എല്ലില്‍ നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്സിന് വേണ്ടി കളിക്കുകയാണ് ഇപ്പോൾ റായുഡു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റായുഡുവിന് ഇത്തവണ പ്രതീക്ഷിച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 23.39 ശരാശരിയില്‍ 163 റണ്‍സ് മാത്രമാണ് താരം നേടിയത്.