Connect with us

Gulf

ജബല്‍ ജൈസ്: 1000 സുരക്ഷാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും

Published

|

Last Updated

റാസ് അല്‍ ഖൈമ: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസിലേക്കുള്ള സന്ദര്‍ശകര്‍ അനുദിനം കൂടിവരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കാലാവസ്ഥ തണുപ്പില്‍ നിന്നും ചൂടിലേക്ക് മാറുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
സമുദ്രനിരപ്പില്‍ നിന്നും 6,207 അടി ഉയപരത്തിലുള്ള പര്‍വതനിരയായതിനാല്‍ താഴെയുള്ളതിനേക്കാള്‍ ചൂടിന്റെ അളവില്‍ കാര്യമായ കുറവ് അനുഭവപ്പെടുമെന്നതാണ് ചൂടുകാലങ്ങളില്‍ ഇവിടേക്ക് സ്വദേശികളും വിദേശികളുമായ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ജബല്‍ ജൈസിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂടി വരുന്നതിനാല്‍, പര്‍വതനിരകളിലും പരിസരങ്ങളിലുമുള്ള റോഡുകളിലും മറ്റും സുരക്ഷാസംബന്ധമായ മുന്‍കരുതലുകള്‍ ഒരുക്കുന്നതില്‍ റാക് പോലീസ് അതീവജാഗ്രതയാണ് പുലര്‍ത്തിവരുന്നത്.

സന്ദര്‍ശകരുടെ ജീവനും വാഹനങ്ങള്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജബല്‍ജൈസിലേക്കുള്ള പ്രധാന നിരത്തുകളില്‍ 1000 സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി റാക് പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അടങ്ങുന്ന ബോര്‍ഡുകളാണ് പാതയിലുടനീളം പോലീസ് സ്ഥാപിക്കുക.
ജബല്‍ജൈസിലേക്കുള്ള പാതകളില്‍ വിവിധ സംഘങ്ങളായി നിരവധി തവണ നടത്തിയ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഭാഗമാണ് ആയിരം സ്ഥലങ്ങളില്‍ സുരക്ഷയെ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം കൈകൊണ്ടതെന്ന് റാക് പോലീസിലെ ട്രാഫിക് ഡയറക്ടറേറ്റ് തലവന്‍ കേണല്‍ അഹ്മദ് അസ്വൂം അല്‍ നഖ്ബി പറഞ്ഞു. സന്ദര്‍ശനത്തിനെത്തുന്ന ഓരോരുത്തരുടെയും സുരക്ഷയുമായി ബന്ധപ്പെട്ടതാണ് പോലീസിന്റെ ബോര്‍ഡുകളും അറിയിപ്പുകളുമെന്നതിനാല്‍ മുഴുവന്‍ സഞ്ചാരികളും അവ അംഗീകരിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണെന്നും അല്‍ നഖ്ബി പറഞ്ഞു.