മഴയത്തും തണുക്കാതെ ചൂട്

തിരുവനന്തപുരം
Posted on: April 17, 2019 12:30 pm | Last updated: April 17, 2019 at 12:30 pm

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ആശ്വാസമായി വേനൽമഴയെത്തുമ്പോഴും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പും നിലനിൽക്കുകയാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. പലജില്ലകളിലും ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചെങ്കിലും കനത്ത ചൂടിന് അൽപം ശമനമേകിയിട്ടുണ്ട്. ഇന്നലെ പാലക്കാട്ട് 41. 2 ഡിഗ്രി സെൽഷ്യസായിരുന്നു അന്തരീക്ഷ താപനില. സംസ്ഥാനത്ത് 29 പേർക്ക് ഇന്നലെ പൊള്ളലേറ്റു. മലപ്പുറം ജില്ലയിൽ ഒരാൾക്ക് സൂര്യാഘാതമേറ്റു. 28 പേർക്ക് സൂര്യാതപവും 21 പേർക്ക് ചൂട് മൂലം ചുവന്നപാടുകളും ശരീരത്തിൽ രൂപപ്പെട്ടു. ആലപ്പുഴയിൽ 12 പേർക്കും കോഴിക്കോട് ഏഴ്, തിരുവനന്തപുരം നാല്, വയനാട്, പത്തനംതിട്ട രണ്ട്, കൊല്ലത്ത് ഒരാൾക്കും സൂര്യാതപമേറ്റു.