ഹൈക്കോടതി വിധി; ടിക് ടോകിന് വിലങ്ങിട്ട് ഗൂഗിള്‍

Posted on: April 17, 2019 10:00 am | Last updated: April 17, 2019 at 4:01 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യുവാക്കളുടെ ഇടയില്‍ ലഹരിയായി മാറിയിരുന്ന ടിക് ടോക് ഗൂഗിളില്‍ നിന്ന് പുറത്ത്. ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതോടെ ഇനി ഗൂഗിളില്‍ ടിക് ടോക് ലഭ്യമാകില്ല. ഉപയോക്താവിന് ചെറു വീഡിയോകള്‍ ഷെയര്‍ ചെയ്യുക സാധ്യമായ ആപ്പായ ടിക് ടോകിന് രാജ്യത്ത് 54 ദശലക്ഷം സജീവ അംഗങ്ങളുണ്ട്.

അശ്ലീല പ്രചാരണം, കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതിലേക്കു നയിക്കുന്നു തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് മദ്രാസ് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ഹൈക്കോടതി മധുര ബഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. അതേസമയം, ആപ്പിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് ഇതേവരെ പിന്‍വലിച്ചിട്ടില്ല.