തുന്നിച്ചേര്‍ത്ത കൈകള്‍ ഉയര്‍ത്തുമ്പോള്‍ മുരളിക്ക് എന്തിന് മനോവിഷമം: പി ജയരാജന്‍

Posted on: April 16, 2019 12:29 pm | Last updated: April 16, 2019 at 4:10 pm

വടകര: തന്നെ വെട്ടിനുറുക്കി ഇല്ലാതാക്കാന്‍ ശ്രമിച്ച ആര്‍ എസ് എസുകാര്‍ക്ക് താന്‍ തുന്നിച്ചേര്‍ത്ത കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് പൊതുരംഗത്ത് വരുമ്പോള്‍ മനപ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഇതില്‍ എന്തിനാണ് മനോവിഷമെന്ന് എല്‍ ഡി എഫ് വടകര സ്ഥാനാര്‍ഥി പി ജയരാജന്‍. അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിക്കുമ്പോഴെല്ലാം ജയരാജന്‍ വെട്ടേറ്റ കൈയ്യുയര്‍ത്തിക്കുകയാണെന്ന കെ മുരളീധരന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആദ്യം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് താന്‍ തിരിച്ചെത്തിയപ്പോള്‍ കള്ളക്കേസുണ്ടാക്കി വേട്ടയാടുകയും ചെയ്ത ആര്‍ എസ് എസുകാര്‍ക്ക് വക്കാലത്തുമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എത്തിയിരിക്കുന്നത്. ആര്‍ എസ് എസും ജമാഅത്തെ ഇസ്ലാമിയും
അടക്കം നാടിന്റെ ശത്രുക്കളെല്ലാം വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി രംഗത്തുണ്ട്. നാടിന്റെ ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരും മാവോയിസ്റ്റുകളുമായി പോലും സഹകരിക്കുകയും ചെയ്യുന്ന ജമാഅത്തുകാര്‍ വീടുകള്‍ കയറി തനിക്കെതിരെ പ്രചരണം നടത്തുകയാണ്.

രാജ്യത്ത് ഉടനീളം കഴിഞ്ഞ അഞ്ച് വര്‍ഷമായി ആര്‍ എസ് എസ് നടത്തുന്ന അക്രമങ്ങളൊന്നും വടകരയില്‍ യു ഡി എഫിന് പ്രചാരണ വിഷയമല്ല. തനിക്കെതിരായ വ്യക്തിഹത്യ മാത്രമാണ് പ്രചാരണം. വര്‍ഗീയത അടക്കം ഒന്നിനും നിലപാടില്ലാത്ത പ്രസ്താനമാണ് കോണ്‍ഗ്രസ്. അവരുടെ അപവാദ പ്രചാരണങ്ങളൊന്നും വടകരയില്‍ വിജയിക്കാന്‍ പോകുന്നില്ല. മികച്ച ഭൂരിഭക്ഷത്തോടെ വടകരയില്‍ എല്‍ ഡി എഫ് ജയിക്കുമെന്നും ഒരു സ്വകാര്യ ഓണ്‍ലൈന് അനുവദിച്ച അഭിമുഖയത്തില്‍ ജയരാജന്‍ പറഞ്ഞു.