വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം: രാഹുല്‍

Posted on: April 16, 2019 11:49 am | Last updated: April 17, 2019 at 5:50 pm

കൊല്ലം/ പത്തനംതിട്ട: കേരളത്തെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്ന ബി ജെ പിക്കും ആര്‍ എസ് എസിനുമെതിരെ രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പരിപാടിക്കായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. ശബരമല വിഷയത്തില്‍ തന്റെ മുന്‍നിലപാട് പൂര്‍ണമായും മറന്ന് കേരളത്തിലെ നേതാക്കളുടെ നിലപാടിനൊപ്പം ഉറച്ച് നിന്ന അഭിപ്രായ പ്രകടനവും രാഹുല്‍ നടത്തി. കൊല്ലത്തെയും പത്തനംതിട്ടയിലെയും യു ഡി എഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ആശയങ്ങള്‍ അല്ലാത്തതെല്ലാം തകര്‍ക്കുകയാണ് സംഘ്പരിവാര്‍ നയമെന്ന് കൊല്ലം പത്തനാപുരത്ത് രാഹുല്‍ പറഞ്ഞു. എതിര്‍ ശബ്ദങ്ങളെയെല്ലാം ആര്‍ എസ് എസും ബി ജെ പിയും അടിച്ചമര്‍ത്തുന്നു. കോണ്‍ഗ്രസിനെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ബി ജെ പിയോട് പോരാടും. അക്രമത്തിലൂടെയല്ല. ജനാധിപത്യ രീതിയില്‍. തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് നിങ്ങളുടെ ആശയങ്ങള്‍ തെറ്റാണെന്ന് ബി ജെ പിയെയും പ്രധാനമന്ത്രിയെയും ബോധ്യപ്പെടുത്തും. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത്. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ്. തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണ്. കേരളം രാജ്യത്തിനാകെ മാതൃകയാണ്. സഹിഷ്ണുതയാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് രാഹുല്‍ ന്നും രാഹുല്‍ ഇവിടെ പറഞ്ഞു.

ശബരിമലയുടെ പേര് പറയാതെയായിരുന്നു പത്തനംതിട്ടയിലെ പ്രസംഗം. എല്ലാവരുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. ആളുകള്‍ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസ്സം നില്‍ക്കില്ല. എന്നാല്‍ ഒരിക്കലും അക്രമത്തിലേക്ക് പോകരുത്. കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിവുണ്ട്. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാന്‍ ആ ആശയം വിട്ടുകൊടുക്കുന്നു- രാഹുല്‍  കൂട്ടിച്ചേര്‍ത്തു.