ജമ്മു കേന്ദ്ര സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ അക്രമം; രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Posted on: April 15, 2019 2:45 pm | Last updated: April 15, 2019 at 2:45 pm

ന്യൂഡല്‍ഹി: ജമ്മു കേന്ദ്ര സര്‍വകലാശാലയില്‍ എ ബി വി പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്കു ഗുരുതരമായി പരുക്കേറ്റു. വിഷ്ണു, ഭരത് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം ആര്‍ട്ട് ഫെസ്റ്റിനിടെ നടന്ന അക്രമത്തില്‍ പരുക്കേറ്റത്.

ക്യാമ്പസിനകത്തെ എ ബി വി പി പ്രവര്‍ത്തകരും പുറത്തു നിന്നെത്തിയ ആര്‍ എസ് എസുകാരുമാണ് അക്രമമഴിച്ചു വിട്ടത്. മലയാളികളായ വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരും മാംസാഹാരം കഴിക്കുന്നവരും മറ്റുമാണെന്ന് പറഞ്ഞാണ് സംഘ്പരിവാര്‍ സംഘം ആക്രമം നടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള സര്‍വകലാശാലാ അധികൃതര്‍ ഇതിനു കൂട്ടുനില്‍ക്കുന്നതായും പരാതിയുണ്ട്.

സര്‍വകലാശാലയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹോസ്റ്റലിലേക്കുള്ള ബസ് സര്‍വീസിന് വലിയ തുക ഈടാക്കുന്നതിനെതിരെ പ്രതികരിച്ചതാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നും വിവരമുണ്ട്.